‘പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടി’; പട്ടിക കൊണ്ട് തലക്കടിച്ചെന്ന് പ്രതിയുടെ മൊഴി

തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതം. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ മുളയം സ്വദേശി സുന്ദരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
അച്ഛനെ കൊന്ന് ചാക്കിൽ കെട്ടി മകൻ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സുന്ദരനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ വിജനമായ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുന്ദരന്റെ ഭാര്യ രക്തക്കറ കാണുകയായിരുന്നു. തുടർന്ന് സമീപസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also: ‘ബോസിനെ’ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമം; കൊച്ചിയില്‍ ദമ്പതികള്‍ പിടിയില്‍
പുത്തൂരിലെ ബന്ധു വീടിന് പുറകുവശത്തെ പറമ്പിൽ നിന്നാണ് സുമേഷിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെയും സുമേഷ് പിതാവ് സുന്ദരനോട് പണമൊക്കെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും വീട്ടിലെത്തിയ സുമേഷ് പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണമില്ല എന്ന് പറഞ്ഞതോടുകൂടി കഴുത്തിലുണ്ടായിരുന്ന മാല നൽകണം എന്നാവശ്യപ്പെട്ടു. ഇതിന് സുന്ദരൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് പട്ടികകൊണ്ട് സുന്ദരന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നുമാണ് സുമേഷ് പറയുന്നത്. കൊലപാതകത്തിന് ശേഷം സ്വർണമാല പണയം വെച്ചു എന്നും പ്രതി സമ്മതിക്കുച്ചു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൊല്ലപ്പെട്ട സുന്ദരന്റെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ ഇന്ന് നടക്കും.
Story Highlights : Son killed his father in Thrissur for gold necklace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here