Advertisement

നിഖിലിനെ കസ്റ്റഡിയിലെടുത്തത് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന്; ടിക്കറ്റെടുത്തത് കൊട്ടാരക്കരയ്ക്ക്

June 24, 2023
2 minutes Read

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.കോം. പ്രവേശനം നേടിയെന്ന കേസില്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിനെ കസ്റ്റഡിയിലെടുത്ത ശേഷം കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്നലെ അർധരാത്രി 12.30ഓടെ കോട്ടയത്തുവച്ചാണ് നിഖിൽ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കോഴിക്കോട്-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ കോട്ടയം ബസ് സ്റ്റാൻഡിൽവെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. എ.സി ലോഫ്‌ളോർ ബസിലായിരുന്നു യാത്ര. കൊട്ടാരക്കരക്കാണ് നിഖിൽ ടിക്കറ്റ് എടുത്തത്

കോഴിക്കോട്ട് പാർട്ടി നേതാക്കളാണ് നിഖിലിന് ഒളിവിൽ കഴിയാനുള്ള സഹായം ചെയ്തതെന്ന് സൂചനയുണ്ട്. ഒളിവിൽ പോകുന്ന സമയത്ത് നിഖിൽ ഫോണിലൂടെ ബന്ധപ്പെട്ട വർക്കലയിലുള്ള സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

സർട്ടിഫിക്കറ്റ് വിവാദം ശക്തമായതിനു പിന്നാലെ ഒരാഴ്ചയോളമായി നിഖിൽ ഒളിവിലായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് നിഖിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിഖിൽ ഒളിവിൽ പോയത്. നിഖിലിനെ എസ്.എഫ്.ഐയിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. നിഖിലിനെ പിടികൂടാത്തതിൽ വലിയ തോതിൽ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. കീഴടങ്ങാനുള്ള നീക്കത്തിനിടെയാണ് അറസ്റ്റ് എന്നും സൂചനയുണ്ട്.

കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പതിനാല് അംഗ സംഘമായിട്ടായിരുന്നു അന്വേഷണം. നിഖിലിന്റെ മാതാപിതാക്കളെയും നിഖിലുമായി ബന്ധമുള്ള എട്ടുപേരെയും സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കായംകുളം എംഎസ്എം കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു നിഖില്‍ തോമസ്. പരീക്ഷ പാസാകാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളേജില്‍ എംകോമിന് ചേര്‍ന്നതാണ് വിവാദത്തിന് വഴിവച്ചത്. പിന്നാലെ എംഎസ്എം കോളേജ് നല്‍കിയ പരാതിയിലാണ് കായംകുളം പോലീസ് നിഖില്‍ തോമസിനെതിരെ കേസെടുത്തത്. കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്, നിഖിലിന്റെ എംകോം പ്രവേശനം തുടങ്ങിയവയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നിഖില്‍ തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ നിഖില്‍ ഒളിവില്‍ പോവുകയായിരുന്നു.

Story Highlights: Nikhil Thomas was arrested and taken into custody from Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top