‘വേദി വിവാദം അനാവശ്യം, മത്സരം നിശ്ചയിച്ചിടത്ത് പാകിസ്താൻ കളിക്കണം’; വസീം അക്രം

ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ വേദി മാറ്റണമെന്ന പാകിസ്താന്റെ അഭ്യർഥന വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി പാകിസ്താൻ മുൻ പേസറും ക്യാപ്റ്റനുമായ വസീം അക്രം. വേദി സംബന്ധിച്ച് ഇപ്പോഴുള്ള വിവാദം അനാവശ്യമാണ്. മത്സരം എവിടെ ഷെഡ്യൂൾ ചെയ്താലും പാകിസ്താൻ കളിക്കുമെന്നും വിഷയത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇക്കാര്യത്തിൽ ഒരു പ്രശ്നവുമില്ല. മത്സരം നിശ്ചയിച്ചിടത്ത് പാകിസ്താൻ കളിക്കണം. മത്സരം ഷെഡ്യൂൾ ചെയ്യുന്നിടത്തെല്ലാം പാകിസ്താൻ കളിച്ചിരിക്കും. ഇപ്പോഴത്തെ വിവാദം അനാവശ്യമാണ്. ഈ അനാവശ്യ സമ്മർദ്ദം ആർക്കും ഗുണം ചെയ്യില്ല. പാകിസ്താൻ കളിക്കാരോട് ചോദിക്കൂ, അവർ ഷെഡ്യൂൾ എന്താണെന്ന് കാര്യമാക്കുന്നില്ലെന്നും കളിച്ചാൽ മതിയെന്നും പറയും’ – വസീം അക്രം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഇന്ത്യക്കെതിരായ മത്സരത്തിന്റെ വേദി മാറ്റണമെന്ന ആവശ്യം നിരസിച്ച ഐസിസി, അഫ്ഗാനിസ്താൻ, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകൾക്കെതിരായ മത്സരങ്ങളുടെ വേദിയും മാറ്റില്ലെന്ന് പിസിബിയെ അറിയിച്ചിരുന്നു. അഫ്ഗാനിസ്താനുമായി ചെന്നൈയിലും ഓസ്‌ട്രേലിയയ്‌ക്കൊപ്പം ബംഗളൂരുവിലുമാണ് പാകിസ്താൻ കളിക്കേണ്ടത്. ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോരാട്ടം.
Story Highlights: Pakistan Has To Play Where There Is A Match; Wasim Akram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here