ബിജെപി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിൽ അധികാരത്തിൽ നിന്നിറങ്ങിയ ബിജെപിയെ കുരുക്കിലാക്കാനുള്ള നീക്കവുമായി സിദ്ധരാമയ്യയുടെ കോൺഗ്രസ് ഭരണകൂടം രംഗത്ത്. ബിജെപി ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അന്വേഷണത്തിൽ തെറ്റുകാരെന്ന് കണ്ടെത്തുന്നവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. Siddaramaiah to investigate corruption during BJP rule
2018 മുതൽ 2023 വരെ കർണാടകത്തിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഭരണകാലത്ത് ഉയർന്നു വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു ‘40% കമ്മീഷൻ’ വിവാദം. ബെലഗാവി ആസ്ഥാനമായുള്ള കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തെ തുടർന്നാണ് സംസ്ഥാനത്ത് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്. മുൻ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ സർക്കാർ പദ്ധതിക്ക് 40% കമ്മീഷൻ ആവശ്യപ്പെട്ടെന്ന് സന്തോഷ് പാട്ടീൽ ആരോപിച്ചിരുന്നു. തുടർന്ന് ധാരാളം കാരാറുകാർ സമാന ആരോപണങ്ങൾ ഉയർത്തിയത് ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കി. ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തും.
കൂടാതെ, കൊവിഡ് സമയത്ത് ചാമരാജ്നഗർ ജില്ലാശുപത്രിയിൽ 36 രോഗികൾ ഓക്സിജൻ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിരുന്നു. ഈ വിഷയത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചതായി നിലവിലെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു റാവു നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ആ സമയത്ത് കൊവിഡിനെ നേരിടാൻ വാങ്ങിയ ഉപകാരങ്ങളിൽ 3000 കോടിയുടെ അഴിമതി ആരോപണം പ്രതിപക്ഷം ഉയർത്തിയിരുന്നതിലും അന്വേഷണം ഉണ്ടാകും. സംസ്ഥാനത്ത് നാല് മെഡിക്കൽ കോളേജുകൾ നിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.
Read Also: മദ്യപാനത്തെ ചൊല്ലി തർക്കം: മധ്യപ്രദേശിൽ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊന്നു
ഒപ്പം, കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന ബിറ്റ്കോയിൻ ക്രമക്കേടിലും സർക്കാർ പുനരന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കിയിട്ടുണ്ട്. ശ്രീകി എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ രമേശ് എന്ന ഹാക്കർ സംസ്ഥാന സർക്കാരിന്റെ ഇ-പ്രൊക്യുർമെന്റ് സൈറ്റ് ഹാക്ക് ചെയ്ത് 11.5 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസിൽ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കോൺഗ്രസ് അന്ന് ആരോപണമുയർത്തി. ആ വിഷയത്തിലും ഒപ്പം 545 പോലീസ് സബ് ഇൻസ്പെക്ടർമാരുടെ നിയമനത്തിലെ അഴിമതിയും സർക്കാർ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഭരണകാലത്ത് കോൺഗ്രസിനെയും നേതാക്കളെയും ലക്ഷ്യം വെച്ച് നടത്തിയ നീക്കങ്ങൾക്ക് മറുപടിയായാണ് സിദ്ധാരാമയ്യയുടെ ഇപ്പോഴത്തെ നടപടി.
Story Highlights: Siddaramaiah to investigate corruption during BJP rule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here