ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം : മുഖ്യമന്ത്രി

ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരും നിയമ കമ്മീഷനും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പെട്ടെന്ന് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിൽ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുയരുന്ന ഏത് ചർച്ചയും രാജ്യത്തിൻറെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. രാജ്യത്തെ സാംസ്‌കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്‌കാരം’ എന്ന ഭൂരിപക്ഷ വർഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂവെന്നും പിണറായി വിജയൻ പറഞ്ഞു. ( center should back off from imposing uniform civil code )
നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന ഏകീകൃത സിവിൽ കോഡിനുപകരം വ്യക്തിനിയമങ്ങൾക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്‌കരണത്തിനും ഭേദഗതികൾക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങൾക്ക് ആ വിശ്വാസ സമൂഹത്തിന്റെ പിന്തുണ അത്യാവശ്യവുമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകളിലൂടെയാണ് അതുണ്ടാകേണ്ടത്. ഏതൊരു മതത്തിലെയും പരിഷ്‌കരണ പ്രസ്ഥാനങ്ങൾ അവയ്ക്കകത്തുനിന്നുമാണ് ഉണ്ടായിട്ടുള്ളത്. പെട്ടെന്നൊരു എക്‌സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇത്. ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷൻ 2018 ൽ വിലയിരുത്തിയിരുന്നു. ആ നിലപാടിൽ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിൻറെ വക്താക്കൾ ആദ്യം വിശദീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യത്യസ്തതകളെ തച്ചുടക്കുന്ന ഏകരൂപതയല്ല മറിച്ച് വ്യത്യസ്തതകളെയും വിയോജിപ്പുകളെയും കൂടി ഉൾക്കൊള്ളാൻ കഴിയുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷതയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വ്യക്തിനിയമങ്ങളെ പ്രത്യേക അജണ്ട വച്ച് ഏകീകരിക്കലല്ല, മറിച്ച് വിവിധ സാംസ്‌കാരിക വിശ്വാസധാരകളുടെ വ്യക്തിനിയമങ്ങളെ കാലോചിതമായി പരിഷ്‌കരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: center should back off from imposing uniform civil code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here