‘കാലവർഷം നേരിടാൻ മുന്നൊരുക്കം സജ്ജം, ആശങ്ക വേണ്ട’; ശേഖർ കുര്യാക്കോസ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് ട്വൻ്റി ഫോറിനോട്. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കുക അസാധ്യമാണ്. കാലവർഷം നേരിടാൻ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ശേഖർ കുര്യാക്കോസ് ട്വൻ്റി ഫോറിനോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസത്തേക്കാൾ ശക്തമായി മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് കൂടുതൽ ജാഗ്രത ആവശ്യമാണ്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. നാളെ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടൽ കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആ മേഖലയിലെ ജനങ്ങളെ ആവശ്യമാണെങ്കിൽ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കാലവർഷം നേരിടാൻ മുന്നൊരുക്കം നടത്തിയിട്ടുണ്ട്, അതിൽ ആശങ്ക വേണ്ട. ഏഴ് ജില്ലകളിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേനകൾ സജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാൻ രണ്ട് ഹെലികോപ്റ്ററുകൾ സുറൂരിൽ തയ്യാറായി നിൽക്കുന്നു. കണ്ണൂരിൽ ഡിഫൻസ് സർവീസ് കോപ്സ് സജ്ജമാണ്. കൂടാതെ 11 കമ്പനി മിലിട്ടറിയും സജ്ജം. നേവി, കോസ്റ്റ് ഗാർഡ്, എയർഫോഴ്‌സ്, സിആർപിഎഫ്, ഐടിബിപി, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയെല്ലാം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കണം. തള്ളിക്കളയുന്നവരോട് വിരോധം ഇല്ല. തള്ളിക്കളയുന്നത് മറ്റ് പല ആശങ്കകൾ കൊണ്ടാണ്. നിലവിൽ ലഭ്യമായ ഏറ്റവും നല്ല ശാസ്ത്ര അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിർദേശങ്ങൾ നൽകുന്നത്, അത് കൈക്കൊള്ളണം. കാസർഗോഡ് മരം കടപുഴകി വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം ദാരുണമാണെന്നും ശേഖർ കുര്യാക്കോസ് പറഞ്ഞു.
മരങ്ങൾ കോതി ഒതുക്കണം. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റണം. സാമൂഹികമായ പ്രാധാന്യം അതിന് നൽകണമെന്നും ശേഖർ കുര്യാക്കോസ് ട്വൻ്റി ഫോറിനോട് പറഞ്ഞു.
Story Highlights: ‘Preparation ready to face monsoon’; Shekhar Kuriakos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here