സിപിഐഎം സെമിനാറില്‍ കോണ്‍ഗ്രസിനെ വിളിക്കാതെ ലീഗിനെ വിളിച്ചത് തന്നെ ഭിന്നിപ്പിക്കല്‍ നയമാണ്: ഇ ടി മുഹമ്മദ് ബഷീര്‍

ഏകീകൃത സിവില്‍ കോഡിനെതിരെ നടക്കുന്ന സിപിഐഎം സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന ലീഗ് നേതൃയോഗ തീരുമാനം വിശദീകരിച്ച് ഇ ടി മുഹമ്മദ് ബഷീര്‍. സെമിനാറില്‍ കോണ്‍ഗ്രസിനെ വിളിക്കാതെ മുസ്ലീം ലീഗിനെ മാത്രം ക്ഷണിച്ചത് തന്നെ ഭിന്നിപ്പിക്കല്‍ നയമാണെന്നും അതിനാലാണ് ലീഗ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. സെമിനാര്‍ മാത്രമല്ല പ്രധാനം. പാര്‍ലമെന്ററി തലത്തില്‍ തന്നെ ഏകീകൃത സിവില്‍ കോഡിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. അതിന് കോണ്‍ഗ്രസിനെ കൂടെചേര്‍ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. (E T muhammed basheer cpim uniform civil code seminar)
ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചത്. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒരു സെമിനാര്‍ മാത്രമായി ചുരുക്കരുതെന്നും പാണക്കാട്ടെ നേതൃയോഗത്തിന് ശേഷം ലീഗ് നേതാക്കള്‍ പറഞ്ഞു.
Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മാറ്റിനിര്‍ത്തിയ ഒരു സെമിനാറില്‍ ലീഗ് പങ്കെടുക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ഭാവിയില്‍ ദോഷം ചെയ്യുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മുന്നോട്ടുപോകാനാകില്ല. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ലീഗ് സെമിനാര്‍ നടത്തുമെന്നും ഇതിനായി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: E T muhammed basheer cpim uniform civil code seminar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here