കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാട്; മുസ്ലീം ലീഗിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കില്ലെന്ന് എളമരം കരീം

മുസ്ലീം ലീഗിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കാനല്ല ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാറെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. കോണ്‍ഗ്രസിനെ സഹകരിപ്പിക്കാന്‍ സിപിഐഎമ്മിന് ബുദ്ധിമുട്ടില്ല. എന്നാല്‍ ഏകീകൃത സിവില്‍ കോഡിന് കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ല. ഉണ്ടായിരുന്നെങ്കില്‍ അവരെയും സെമിനാറിലേക്ക് ക്ഷണിച്ചേനെയെന്നും എളമരം കരീം പറഞ്ഞു.
കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവ്യക്തതയാണ്. മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. കോണ്‍ഗ്രസിന്റെ നിലപാടില്‍ മതനിരപേക്ഷ കക്ഷികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആശങ്കയുണ്ടെന്നും കളമരം കരീം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് സെമിനാറിലേക്കുള്ള സിപിഐഎം ക്ഷണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരുകയാണ്. രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേരുക. സെമിനാറില്‍ പങ്കെടുക്കുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചു. ലീഗിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന് അതൃപ്തിയുണ്ടാക്കാതെ തീരുമാനമെടുക്കുക എന്നതാണ് ലീഗ് നേരിടുന്ന വെല്ലുവിളി. സെമിനാറിലേക്ക് ക്ഷണം ലഭിച്ച ഘട്ടത്തില്‍ തന്നെ നിരസിക്കണമായിരുന്നുവെന്നാണ് കോണ്‍ഗ്രസിനൊപ്പം ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കളുടെയും അഭിപ്രായം. നേരത്തെ സിപിഐഎംസെമിനാറില്‍ പങ്കെടുക്കാന്‍ സമസ്ത തീരുമാനിച്ചതോടെ മുസ്ലിം ലീഗ് സമ്മര്‍ദ്ദത്തിലായിരുന്നു.
ഏക വ്യക്തിനിയമം ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്നതല്ലെന്ന കോണ്‍ഗ്രസിന്റെ നിലപാടു തന്നെയാണ് ഇന്നലെ ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം ആവര്‍ത്തിച്ചത്. സമാനചിന്താഗതിക്കാരായ മുഴുവന്‍ പേരെയും പ്രതിഷേധത്തില്‍ അണിനിരത്തണമെന്ന ലീഗിന്റെ ചിന്ത കോണ്‍ഗ്രസിന്റെ നിലപാടുമായി ഒത്തുപോകുന്നതുമാണ്. അതേസമയം സിപിഐഎമ്മിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീറും ലീഗിനോട് തൊട്ടുകൂടായ്മയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞിരുന്നു.
Story Highlights: Elamaram Kareem says Congress have Soft Hindutva stand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here