Advertisement

ഇതിഹാസതാരം മേഗൻ റാപിനോ ബൂട്ടഴിക്കുന്നു; ലോകകപ്പിന് ശേഷം വിരമിക്കും

July 9, 2023
Google News 2 minutes Read
USA midfielder Megan Rapinoe to retire from football

യുഎസ് വനിതാ ഫുട്ബോൾ ഇതിഹാസം മേഗൻ റാപിനോ വിരമിക്കൽ പ്രഖ്യാപിച്ചു. ഈ മാസാവസാനം നടക്കുന്ന തന്റെ നാലാമത്തെ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് മേഗൻ റാപിനോ. ദേശീയ വനിതാ സോക്കര്‍ ലീഗ് സീസണിന്റെ അവസാനം ക്ലബ് ഫുട്‌ബോളില്‍ നിന്നും താരം വിടവാങ്ങും. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് 38-കാരി വിരമിക്കൽ പ്രഖ്യാപിച്ചത്.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റാപിനോ. ഒളിമ്പിക് സ്വര്‍ണ്ണ മെഡലും രണ്ട് ലോകകപ്പുകളും നേടിയ മികച്ച കരിയറിനാണ് റാപിനോ തിരശീലയിടുന്നത്. ഞായറാഴ്ച വെയിൽസിനെതിരായ യു‌എസ്‌എയുടെ സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് വിരമിക്കൽ പ്രഖ്യാപനം. “ഇത് എന്റെ അവസാന ലോകകപ്പും എന്റെ അവസാന NWSL സീസണും ആയിരിക്കുമെന്ന് നിങ്ങളെ അറിയിക്കുന്നു. ഇതുവരെ എത്താൻ സഹായിച്ച എല്ലാവർക്കും നന്ദി”- മേഗൻ പറഞ്ഞു.

“എന്നിൽ വിശ്വസിച്ച എൻ്റെ ടീമിനും, ഇത്രയും കാലം പിടിച്ചുനിന്നതിന് എന്റെ ശരീരത്തിനും പ്രത്യേക നന്ദി. വർഷങ്ങളോളം രാജ്യത്തെയും ഈ ഫെഡറേഷനെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു” – മേഗൻ കൂട്ടിച്ചേർത്തു. 2019 ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍, റാപിനോ ആറ് ഗോളുകള്‍ നേടിയിരുന്നു. ഫൈനലില്‍ നെതര്‍ലാന്‍ഡിനെതിരായ 2-0 വിജയത്തില്‍ ഒരു പെനാല്‍റ്റി കിക്ക് ഗോള്‍ റാപിനോയുടെ വകയായിരുന്നു.

മികച്ച ഓള്‍റൗണ്ട താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും റാപിനോയ്ക്ക് ലഭിച്ചു. 2019-ല്‍ ബാലണ്‍ ഡി ഓറും ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡും റാപിനോ സ്വന്തമാക്കി. 2006 ൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച റാപിനോ യുഎസിനായി 199 മത്സരങ്ങളിൽ നിന്ന് 63 ഗോളുകൾ നേടിയിട്ടുണ്ട്. യുഎസ് വനിതാ ദേശീയ ടീമിനായുള്ള അസിസ്റ്റുകളില്‍ എബി വാംബാച്ചിനൊപ്പം മൂന്നാം സ്ഥാനത്താണ് റാപിനോ. 50-ലധികം കരിയര്‍ ഗോളുകളും കരിയര്‍ അസിസ്റ്റുകളും സ്വന്തമായുള്ള ടീം ചരിത്രത്തിലെ ഏഴ് കളിക്കാരില്‍ ഒരാളുമാണ്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് കൂടിയാണ് 38 കാരിയായ മേഗൻ റാപിനോ.

കായികരംഗത്തെ ഏറ്റവും സ്വാധീനമുള്ള ശബ്ദങ്ങളിലൊന്നാണ് മേഗൻ. സ്ത്രീകളുടെ ഫുട്‌ബോളില്‍ തുല്യ വേതനത്തിന് വേണ്ടി വാദിക്കുകയും എല്‍ജിബിടിക്യു+ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന റാപിനോയ്ക്ക് കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബൈഡന്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചിരുന്നു. 2016-ൽ, കോളിൻ കെപെർനിക്കിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദേശീയഗാനത്തിനിടെ മുട്ടുകുത്തിയ ആദ്യ വൈറ്റ് അത്‌ലറ്റും വനിതയുമായിരുന്നു മേഗൻ റാപിനോ.

Story Highlights: USA midfielder Megan Rapinoe to retire from football

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here