ഇളയ ദളപതിയുടെ അടുത്ത നീക്കമെന്ത്? വിജയ് ആരാധക സംഘടനയുടെ യോഗം വിളിച്ചു; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍?

രാഷ്ട്രീയ പ്രവേശന അഭ്യൂഹം സജീവമായി തുടരുന്നതിനിടെ നടന്‍ വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ ഒന്‍പത് മണിയ്ക്ക് ചെന്നൈ പനയൂരിലെ വീട്ടിലാണ് കൂടിക്കാഴ്ച. 234 മണ്ഡലങ്ങളിലെയും ഭാരവാഹികളുമായി വിജയ് സംവദിക്കും. (Vijay may announce his political party soon)
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കുട്ടികളെ തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കിയതോടെയാണ് വിജയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയായത്. പണം വാങ്ങി വോട്ടുചെയ്യരുതെന്ന വിജയുടെ ആഹ്വാനവും രാഷ്ട്രീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയില്‍ നിന്നും അവധിയെടുത്ത്, 2026 തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് വിജയ്‌യുടെ പ്രവര്‍ത്തനങ്ങളെന്നും അഭ്യൂഹങ്ങളുണ്ടായി. അതിന് പിന്നാലെയാണ് ഭാരവാഹികളുമായി വിജയ് ചര്‍ച്ച നടത്തുന്നത്.
Read Also:ഭാവിയില്‍ മനുഷ്യനെതിരെ പ്രവര്‍ത്തിക്കുമോ? യുഎന്‍ ഉച്ചകോടിയില്‍ ഉത്തരവുമായി റോബോട്ട്
നാളെ രാവിലെ മുതല്‍ വൈകിട്ടു വരെ മുഴുവന്‍ ഭാരവാഹികളെയും വിജയ്, വ്യക്തിപരമായി കാണും. മണ്ഡലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഇനി നടത്തേണ്ട കാര്യങ്ങളും വിലയിരുത്തും. എന്നാല്‍, അവാര്‍ഡ് ദാന ചടങ്ങിനിടെ ഭാരവാഹികളെ കാണാന്‍ സാധിക്കാതിരുന്നതിനാലാണ് കൂടികാഴ്ചയെന്നും സംഘടന നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യമെന്നും വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ പറയുന്നു.
Story Highlights: Vijay may announce his political party soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here