ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ വനിതകൾ: രണ്ടാം ടി20യിൽ എട്ട് റൺസിന്റെ ജയം
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. ആവേശകരമായ മത്സരത്തിൽ എട്ട് റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. കുറഞ്ഞ സ്കോറിംഗ് മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യൻ ബൗളർമാരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കായി ദീപ്തി ശർമ്മയും ഷെഫാലിയും 3 വിക്കറ്റുകൾ നേടിയപ്പോൾ മിന്നു മണി 2 വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം ജൂലൈ 13ന് നടക്കും.
ധാക്കയിൽ നടന്ന രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേർക്കാനായത്. 19 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മായാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന (13), യസ്തിക ഭാട്ടിയ (11), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഡക്കായി.
ഹര്‍ലീന്‍ ഡിയോണ്‍ ആറ് റണ്‍സും ജെമിമ റോഡ്രിഗസ് എട്ട് റണ്‍സുമായും മടങ്ങി. അവസാന ബാറ്ററായി ക്രീസിലെത്തിയ മിന്നു മൂന്ന് പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. മിന്നുവിനൊപ്പം പൂജ വസ്ത്രാക്കറും(7) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഫാഹിമ ഖാത്തൂണിന് രണ്ട് വിക്കറ്റ് ലഭിച്ചു. മറുഫ അക്തർ, നഹിദ അക്തർ, റബീയ ഖാൻ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ ഷമീമ സുൽത്താനയും ഷാതി റാണിയും അഞ്ച് റൺസ് വീതം നേടി പുറത്തായി. തൊട്ടുപിന്നലെ മുർഷിദ ഖാത്തൂൺ നാല് റൺസിനും റിതു മോനിയും നാല് റൺസിനും പുറത്ത്. പിന്നീട് ഒന്നിച്ച ഷൊർണ അക്തറും ക്യാപ്റ്റൻ നിഗർ സുൽത്താനയും ചേർന്ന് അഞ്ചാം വിക്കറ്റിൽ 34 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ഏഴു റൺസെടുത്ത ഷൊർണ പുറത്തായി. അധികം വൈകാതെ 55 പന്തിൽ രണ്ട് ബൗണ്ടറികളുടെ സഹായത്തോടെ 38 റൺസെടുത്ത് ക്യാപ്റ്റൻ നിഗർ സുൽത്താനയും പവലിയനിലേക്ക് മടങ്ങി.
അവസാന ഓവറിൽ 10 റൺസായിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. ഷഫാലി വർമ ബൗൾ ചെയ്യാനെത്തി. ഈ ഓവറിൽ ആകെ നാല് വിക്കറ്റുകളാണ് വീണത്. നഹിദ അക്തർ (6), ഫാഹിമ ഖാത്തൂൺ (0), മറുഫ അക്തർ (0) എന്നിവരെ ഷെഫാലി പുറത്താക്കിയപ്പോൾ റബീയ ഖാൻ (0) റണ്ണൗട്ടായി. ഇതോടെ ബംഗ്ലാദേശിൻ്റെ പോരാട്ടം 87 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്കായി ദീപ്തി ശർമ്മയും ഷെഫാലിയും 3 വിക്കറ്റുകൾ വീഴ്ത്തി. അതേസമയം മിന്നു മണി രണ്ട് വിക്കറ്റ് വീഴ്ത്തി. ബറെഡി അനുഷയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ജയിച്ചിരുന്നു.
Story Highlights: India beat Bangladesh by 8 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here