എന്താണ് ഷെൽഫ് മേഘങ്ങൾ? സുനാമി പോലെയുള്ള മേഘത്തിന് പിന്നിലെ രഹസ്യം

ഉത്തരേന്ത്യയിലാകെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മൺസൂൺ കാറ്റിന്റെയും വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സിൻ്റെയും പ്രതിപ്രവര്‍ത്തനം മൂലമാണ്, ഡൽഹി ഉൾപ്പെടെയുള്ള മേഖലയിൽ അനുഭവപ്പെടുന്ന പേമാരിക്ക് കാരണമെന്നാണ് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) പറയുന്നത്.
ഉത്തരാഖണ്ഡിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചിരിക്കുന്നത്. ഇവിടെ അതിതീവ്ര മഴയുണ്ടാകുമെന്നാണ് ഐഎംഡി നല്‍കുന്ന സൂചനകൾ. ഇതിനിടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ‘ഷെൽഫ് മേഘങ്ങൾ’ പ്രത്യക്ഷപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ചില വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ആകാശത്ത് ഭീതിപ്പെടുത്തുന്ന തരത്തില്‍ കറുത്ത നിറത്തില്‍ സുനാമി പോലെയുള്ള പടുകൂറ്റന്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
Shared by a friend. Shot today near Haridwar. Spectacular shelf cloud.
— Anindya Singh (@Anindya_veyron) July 9, 2023
#Manali #Storm #Rain #thunderstorm #shelfcloud pic.twitter.com/he9KXg9qse
കനത്ത മഴ തുടരുന്ന പല പ്രദേശങ്ങളിൽ നിന്നും സാധാരണയായി ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത ഉറപ്പുവരുത്തുക പ്രയാസകരമാണ്. എന്നിരുന്നാലും ഉത്തരാഖണ്ഡിൽ ഷെൽഫ് മേഘങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും അവിസ്മരണീയമായ ഈ മേഘ രൂപീകരണം സോഷ്യല്‍ മീഡിയയുടെ കൗതുകം പിടിച്ചുപറ്റിയിരിക്കുകയാണ്. ഷെല്‍ഫ് മേഘം ഇപ്പോൾ രാജ്യത്ത് ട്രെന്‍ഡിംഗ് ആയി മാറിക്കഴിഞ്ഞു.
എന്താണ് ഷെൽഫ് മേഘങ്ങൾ?
യുഎസ് ഗവൺമെന്റിന്റെ നാഷണൽ വെതർ സർവീസ് (NWS) പ്രകാരം ഷെൽഫ് മേഘങ്ങൾ ആർക്കസ് മേഘങ്ങൾ എന്നും അറിയപ്പെടുന്നു. വോൾ മേഘങ്ങൾ (wall clouds), ഫണൽ മേഘങ്ങൾ (funnel clouds) തുടങ്ങി പല പേരുകളിലും ഇവ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ക്യുമുലോനിംബസ് മേഘത്തില്‍ നിന്നും തണുത്ത വായു താഴേക്ക് ഇറങ്ങി നിലം തൊടുമ്പോള്‍, ആ തണുത്ത വായു നിലത്തുകൂടെ അതിവേഗം പടരുകയും, അവിടെ ഉണ്ടായിരുന്ന ചൂടുള്ള ഈർപ്പമുള്ള വായു മുകളിലേക്ക് തള്ളുകയും ചെയ്യും. ഇത് ഉയര്‍ന്ന് മുകളിലെത്തി അതിനുള്ളിലെ ജലകണങ്ങള്‍ ഘനീഭവിക്കുകയും അത് ഷെല്‍ഫ് മേഘമായി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. മുകളിലും താഴെയുമായി വ്യത്യസ്‌ത ദിശകളിലേക്ക് കാറ്റിന്റെ സഞ്ചാരമുണ്ടാകുമ്പോള്‍ ഷെല്‍ഫ് മേഘം കറങ്ങുന്ന സ്ഥിതിയുണ്ടാകാമെന്നും യുകെ മെറ്റ് ഓഫീസ് അറിയിക്കുന്നു.
Story Highlights: What Are Shelf Clouds And Why Are They Trending? Explained