കറിയിൽ തക്കാളി കൂടുതൽ ഉപയോഗിച്ചതിനെച്ചൊല്ലി വേർപിരിഞ്ഞ ദമ്പതിമാരെ അതേ തക്കാളി കൊണ്ട് ഒരുമിപ്പിച്ച് പൊലീസ്

തക്കാളിയെച്ചൊല്ലി വേർപിരിഞ്ഞ ദമ്പതിമാരെ അതേ തക്കാളി കൊണ്ട് ഒരുമിപ്പിച്ച് പൊലീസ്. മധ്യപ്രദേശിലെ ഷാഹ്‌ഡോൽ സ്വദേശികളായ സഞ്ജീവ് വർമയെയും ഭാര്യ ആരതിയെയുമാണ് പൊലീസ് ഒന്നിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കറിയിൽ കൂടുതൽ തക്കാളി ഉപയോഗിച്ചെന്നാരോപിച്ച് ആരതി ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയത്.
സന്ദീപ് ബർമൻ എന്ന റെസ്റ്റോറന്റ് ഉടമയാണ് സഞ്ജീവ് വർമ. ഭാര്യ ആരതിയെ കണ്ടെത്താൻ പൊലീസിനെ സമീപിച്ചതോടെ വിചിത്രമായ ഈ വഴക്ക് പുറം ലോകം അറിയുകയായിരുന്നു. തന്നോട് ചോദിക്കാതെ ഭക്ഷണത്തിൽ ഒന്നിലധികം തക്കാളി ഇട്ടതിനെ തുടർന്ന് ഭാര്യ ദേഷ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ഇതേച്ചൊല്ലി വഴക്കുണ്ടായെന്നും യുവാവ് പറയുന്നു. വഴക്കിനൊടുവിൽ ഭാര്യ മകളെയും കൂട്ടി വീടുവിട്ടിറങ്ങി ബസിൽ കയറിപ്പോയെന്നായിരുന്നു യുവാവിന്റെ പരാതി.
പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ ആരതി സഹോദരിയുടെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. ഇരുവരെയും ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ച പൊലീസ് വഴക്ക് അവസാനിപ്പിക്കുകയായിരുന്നു. ഭാര്യക്ക് സഞ്ജീവ് അരക്കിലോ തക്കാളി സമ്മാനമായി നൽകി. മേലിൽ ആരതിയുടെ അനുവാദമില്ലാതെ പാചകം ചെയ്യില്ലെന്ന് വാക്ക് നൽകുകയും ചെയ്തു. ഇതോടെയാണ് ഭർത്താവിനൊപ്പം പോകാൻ ആരതി തയ്യാറായത്.
Story Highlights: madhya pradesh man wins wife back tomatoes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here