മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച ഒരാൾ അറസ്റ്റിൽ; മറ്റുള്ളവർക്കായി അന്വേഷണം

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതി ഹെറാദാസ് (32) തൗബൽ ജില്ലയിൽ നിന്നാണ് അറസ്റ്റിലായത്. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. വിഡിയോയിൽ പച്ച ഷർട്ട് ധരിച്ച് നിൽക്കുന്നയാളാണ് പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ചയാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. വടക്കുകിഴക്കൻ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് 4 ന് കാങ്‌പോപി ജില്ലയിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. മെയ് 18 ന് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റവാളികളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പ്രതികളെ പിടികൂടാൻ 12 ഓളം ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രചരിക്കുന്ന വീഡിയോയില്‍ കുക്കി-സോമി ആധിപത്യമുള്ള കാങ്പോപിയിലെ മലയോര ജില്ലയില്‍ നിന്നുള്ളവരാണ്, ഒരാള്‍ക്ക് 20 വയസും മറ്റൊരാള്‍ 40 വയസും പ്രായമുള്ള രണ്ട് സ്ത്രീകള്‍. അക്രമത്തെ തുടർന്ന് ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു ഇവർ. വീഡിയോയില്‍, ഒരു കൂട്ടം ആളുകള്‍ അവരെ നഗ്‌നരായി റോഡിലൂടെയും വയലിലേക്ക് കൊണ്ടുപോകുന്നതും കാണാം.
സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. അതേസമയം പ്രതിഷേധം ഉയർന്നതിനു പിന്നാലെ കുറ്റവാളികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.
Story Highlights: Man accused of parading women naked in Manipur arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here