ആ തണൽ ഇനിയില്ല; കുഞ്ഞൂഞ്ഞിന് വിടചൊല്ലി കേരളം

’കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞ് മരിച്ചെന്ന്, ഇല്ല ഇല്ല മരിക്കുന്നില്ല, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… ’ എന്നാർത്തിരമ്പിയ ജനസാഗരത്തെ തനിച്ചാക്കി ഉമ്മൻ ചാണ്ടി യാത്രയായി. അതിവൈകാരികമായ യാത്ര അയപ്പാണ് പുതുപ്പള്ളി കൂഞ്ഞൂഞ്ഞിന് നൽകിയത്. സെന്റ് ജോർജ് വലിയ പള്ളിയിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം സംസ്കരിച്ചത്. വൻ ജനത്തിരക്ക് മൂലം നിശ്ചയിച്ചതിനേക്കാളും മണിക്കൂറുകൾ വൈകിയാണ് സംസ്കാരം നടത്താനായത്.
പതിനായിരക്കണക്കിന് ജനങ്ങളുടെ സ്‌നേഹവായ്പില്‍ അലിഞ്ഞാണ് ഉമ്മന്‍ ചാണ്ടി മടങ്ങുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചും കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചും കോട്ടയത്തെ ജനലക്ഷങ്ങള്‍ പകരം വയ്ക്കാനില്ലാത്ത മടക്കയാത്രയാണ് ജനകീയനായ നേതാവിന് നല്‍കിയത്.
തന്റെ പിതാവിന് ജനലക്ഷങ്ങള്‍ നല്‍കിയ സ്‌നേഹാദരങ്ങള്‍ക്ക് വികാരനിര്‍ഭരമായി നന്ദി പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. തന്റെ ജീവിതത്തിലെ പരിശുദ്ധന്‍ നഷ്ടപ്പെട്ട ദിവസങ്ങളാണ് ഇതെന്നും തന്റെ പിതാവ് സ്വര്‍ഗത്തിലായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തന്റെ പിതാവ് ഒരാളെയും ദ്രോഹിച്ചതായി അറിയില്ലെന്ന് ആരെക്കുറിച്ചും മോശം പറയുന്നത് കേട്ടിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. എല്ലാവരും അദ്ദേഹത്തിന് നന്മ ചെയ്യുന്നത് കണ്ട് വളരാന്‍ തനിക്കും സഹോദരങ്ങള്‍ക്കും ഭാഗ്യമുണ്ടായെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. പുതുപ്പള്ളിക്കാര്‍ക്ക് 53 വര്‍ഷം മുന്‍പ് കൊടുത്ത വാക്ക് തന്റെ അവസാന നാള്‍ഡ വരെ പാലിക്കാന്‍ തന്റെ പിതാവിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ വൈദികര്‍ക്കും ചാണ്ടി ഉമ്മന്‍ നന്ദി പറഞ്ഞു.
Story Highlights: Oommen Chandy’s funeral is over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here