ഉമ്മന്‍ ചാണ്ടി അനുസ്മരണം: മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതില്‍ കെ സുധാകരന് വിയോജിപ്പുണ്ടായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിലെ ഭിന്നത പുറത്ത്. മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നീരസമുണ്ടായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ നിരന്തരം വേട്ടയാടിയ നേതാവാണ് പിണറായി വിജയനെന്നും മാത്യു കുഴല്‍നാടന്‍ ട്വന്റിഫോറിനോട് പറഞ്ഞു. വ്യക്തമായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നേതൃത്വം തീരുമാനമെടുത്തതെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. (Mathew kuzhalnadan on conflict of opinion congress on oommen chandy commemoration cm)
സന്ദര്‍ഭവശാല്‍ താന്‍ ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവിടെ സന്നിഹിതനായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറയുന്നത്. ശത്രുക്കളോട് പോലും ക്ഷമിക്കുന്ന സമീപനമാണ് ഉമ്മന്‍ ചാണ്ടി ജീവിതകാലത്ത് ഉടനീളം സ്വീകരിച്ചിരുന്നത്. ശത്രുക്കളേയും സ്‌നേഹിക്കുക എന്ന് വിശ്വസിച്ചിരുന്ന ഒരു വിശ്വാസിയായിരുന്നു അദ്ദേഹം. പിണറായി വിജയന് വേണ്ടിയും ഉമ്മന്‍ ചാണ്ടി പ്രാര്‍ത്ഥിച്ചിരുന്നോ എന്ന് സംശയമുണ്ട്. പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ഒരു സംസ്‌കാരത്തിന്റെ കൂടി ഭാഗമായാണ് മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിലേക്ക് ക്ഷണിച്ചതെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യം വിഷയത്തില്‍ വൈകാരികമായ ഒരു സമീപനമായിരുന്നു താനും സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് നേതൃത്വത്തിന്റെ തീരുമാനത്തിലേക്ക് തന്നെ എത്തിച്ചേരുകയായിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ അതിനെ ആ തലത്തില്‍ തന്നെ ഉള്‍ക്കൊള്ളുമെന്നാണ് വിശ്വസിക്കുന്നത്. ഈ വിഷയത്തില്‍ വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Mathew kuzhalnadan on conflict of opinion congress on oommen chandy commemoration cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here