Advertisement

മണിപ്പൂരിൽ സംഘർഷത്തിന് ശമനമില്ല; ചുരാചന്ദ്പൂർ വെടിവെപ്പിൽ ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

July 27, 2023
1 minute Read
Manipur 1 killed 3 injured in violence in Churachandpur

മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിലാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. മെയ് 3ന് തുടങ്ങിയ കലാപം മൂന്നുമാസത്തോളമായി തുടരുകയാണ്. കുക്കി- മേയ്തേയ് വിഭാഗങ്ങളിലായി ഇതുവരെ 160ൽ കൂടുതൽ ആളുകൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. കേന്ദ്ര സേനയുടേയും മണിപ്പൂർ പൊലീസിൻറേയും ഇടപെടലുകൾ ഉണ്ടായിട്ടും ഇപ്പോഴും പലയിടത്തും ആക്രമണങ്ങൾ തുടരുകയാണ്.

അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ കേസ് സിബിഐക്ക് വിട്ടു. സമഗ്ര അന്വേഷണത്തിനാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിട്ടത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും നൽകും. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

നേരത്തെ 19കാരനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിടുന്നത്. കേസിൽ പ്രതികളുടെ അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ അഭാവത്താൽ ആണെന്നായിരുന്നു മണിപ്പൂർ പൊലീസിന്റെ വിശദീകരണം.

കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സർക്കാരിനോട് വിഷയത്തിൽ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിപ്പൂർ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ്ങാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഇതിന് പിന്നാലെ അരുൺ സിങ്, ജിവാൻ എലങ്ബാം, തോംബ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 22ാം തീയതി 19കാരനടക്കം രണ്ടു പേർ കൂടി അറസ്റ്റിലായി. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഹെരോദാസ് സിങ്ങിൻറെ വീട് കത്തിച്ചിരുന്നു.

Story Highlights: Manipur: 1 killed, 3 injured in violence in Churachandpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top