മുൻ ലാലിഗ സ്‌ട്രൈക്കർ അലക്സ് സാഞ്ചസിനെ സ്വന്തമാക്കി ഗോകുലം എഫ്‌സി

സ്പാനിഷ് സ്‌ട്രൈക്കർ അലക്സ് സാഞ്ചസിനെ സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി. താരവുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു. ജന്മനാ വലതുകൈയില്ലാത്ത സാഞ്ചസ് സ്പെയിനിലെ പ്രീമിയർ ഫുട്ബോൾ ലീഗായ ലാലിഗയിൽ കളിക്കുന്ന വൈകല്യമുള്ള ഏക താരമാണ്.
ലാ ലിഗയിൽ റയൽ സരഗോസയെ പ്രതിനിധീകരിച്ച 34-കാരൻ, സിഡി ടുഡെലാനോ, സിഡി ടെറുവൽ, സിഎ ഒസാസുന പ്രൊമെസാസ്, ഉറ്റെബോ എഫ്‌സി, സിഎ ഒസാസുന തുടങ്ങി വിവിധ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. സ്പാനിഷ് മൂന്നാം നിരയിൽ 127 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 42 ഗോളുകൾ നേടി. കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 13 തവണ എസ്ഡി എജിയയ്ക്ക് വേണ്ടി വലകുലുക്കി.
“അലക്സ് സാഞ്ചസിനെ ഞങ്ങളുടെ നിരയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനെ ശക്തിപ്പെടുത്തും. അവിശ്വസനീയമാംവിധം കഴിവുള്ള ഒരു കളിക്കാരൻ മാത്രമല്ല, സ്ഥിരോത്സാഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരൂപമായ അലക്സ് മറ്റ് താരങ്ങൾക്ക് ഒരു പ്രചോദനം കൂടിയാണ്”- ഗോകുലം എഫ്‌സി അറിയിച്ചു.
കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പിനുള്ള പ്രീ-സീസൺ ക്യാമ്പിൽ മറ്റ് വിദേശ റിക്രൂട്ട്‌മെന്റുകളായ സ്പാനിഷ് മിഡ്‌ഫീൽഡർ നിലി പെർഡോർമോ, കാമറൂണിയൻ ഡിഫൻഡർ അമീനൗ ബൗബ എന്നിവർക്കൊപ്പം അലക്സ് സാഞ്ചസ് ചേരും. ഈ സീസണിൽ ജികെഎഫ്‌സിയിൽ ചേരുന്ന മൂന്നാമത്തെ വിദേശി എന്ന നിലയിൽ, അലക്സിന്റെ അസാധാരണമായ കഴിവുകളും നിശ്ചയദാർഢ്യവും പുതിയ സ്പാനിഷ് പരിശീലകനായ ഡൊമിംഗോ ഒറാമാസിന്റെ കീഴിൽ ടീമിന്റെ തയ്യാറെടുപ്പുകൾക്ക് കൂടുതൽ കരുത്ത് പകരും.
Story Highlights: Former La Liga striker Alex Sanchez joined Gokulam FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here