Advertisement

ഹരിയാനയിൽ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം; വെടിവെപ്പിൽ നിരവധി പൊലീസുകാർക്ക് പരുക്ക്

August 2, 2023
Google News 2 minutes Read
haryana violence police station

കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിലെ നുഹിൽ 700 പേരോളം വരുന്ന അക്രമകാരികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന് എഫ്ഐആർ. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷനുനേരെ ഇവർ കല്ലുകൾ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിനു ശേഷം ആൾക്കൂട്ടം പൊലീസുകാർക്ക് നേരെ വെടിയുതിർത്തെന്നും വെടിവെപ്പിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റു എന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷൻ്റെ ഗേറ്റിലേക്ക് ആൾക്കൂട്ടം ബസ് ഇടിച്ചുകയറ്റി. പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും ആൾക്കൂട്ടം പിന്മാറിയില്ല എന്നും എഫ്ഐആറിൽ പറയുന്നു. (haryana violence police station)

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് ഹോം ഗാർഡുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. സംഘർഷവുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളിൽ അക്രമകാരികൾ കടകൾക്ക് തീവച്ചു. ഇതോടെ പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും ഇന്ധനം നൽകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ആരാധനാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കാനും പൊലീസിനു മുന്നറിയിപ്പ് നൽകി.

Read Also: ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ ആകെ മരണം അഞ്ചായി; നുഹ് ജില്ലയിൽ നിരോധനാജ്ഞ

നുഹിലും സമീപപ്രദേശങ്ങളിലും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹള നിയന്ത്രിക്കാൻ കൂടുതൽ സേനയെ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ഗുരുഗ്രാം, പൽവാൾ, ഫരീദാബാദ് എന്നിവടങ്ങളിൽ സെക്ഷൻ 144 പ്രഖ്യാപിച്ചു. നുഹ് ഉൾപ്പെടെ വിവിധ ജില്ലകളിൽ ഇൻ്റർനെറ്റ്, എസ് എം എസ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ഗുരുഗ്രാമിലെ മുസ്ലിം പള്ളി കത്തിച്ചതുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് പിടികൂടിയിരുന്നു. കലാപകാരികൾ പള്ളി കത്തിക്കുകയും ഇമാമിനെ ചുട്ടുകൊല്ലുകയും ചെയ്തിരുന്നു. സെക്ടർ 57ലെ അഞ്ജുമൻ ജുമാ മസ്ജിദാണ് 80 പേരോളം അടങ്ങുന്ന സംഘം തീവച്ചത്. ഇമാം തീയിൽ കുടുങ്ങുകയായിരുന്നു എന്നാണ് സൂചന.

പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇമാമടക്കം രണ്ട് പേർക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദർജിത് സിംഗ് എൻഡിടിവിയോട് സ്ഥിരീകരിച്ചിരുന്നു. നുഹിലെ അക്രമസംഭവം ഗുരുഗ്രാമിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രിയുമായി സംസാരിച്ചു, സ്ഥലത്തേക്ക് ഇരുപത് കമ്പനി അർദ്ധസൈനികരെ അയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: haryana communal violence police station attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here