Advertisement

ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളി; സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ്

August 2, 2023
2 minutes Read

സ്പീക്കര്‍ എ.എൻ ഷംസീർ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങളിൽ സർക്കാരിന്റെ നിലപാട് അറിയണമെന്ന് എൻഎസ്എസ്. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളി. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സർക്കാരിന്റെ നിലപാടും ഇതേ രീതിയിൽ ആണെങ്കിൽ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് എൻഎസ്എസ് വ്യക്തമാക്കി.

അതിനിടെ എ.എൻ ഷംസീറിൻ്റെയും എം.വി ഗോവിന്ദൻ്റെയും പ്രതികരണങ്ങൾ ഹൈന്ദവർക്കെതിരായ വെല്ലുവിളിയെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്. ഹൈന്ദവരെ സിപിഐഎം ശാസ്ത്രം പഠിപ്പിക്കണ്ട. ശബരിമല വിഷയത്തിൽ സിപിഐഎമ്മിന് പ്രതിഫലം ലഭിച്ചതാണ്. അതിനെക്കാൾ വലിയ തിരിച്ചടി ലഭിക്കും. സിപിഐഎം ആസൂത്രണം ചെയ്ത തിരക്കഥയാണിത്, ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം മിത്ത് വിവാദം, നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്പീക്കർ എ എൻ ഷംസീർ. താൻ വിശ്വാസികൾക്ക് എതിരല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. ഷംസീറിന് അഭിപ്രായം ഉള്ളത് പോലെ സുകുമാരൻ നായർക്കും അഭിപ്രായമുണ്ട്. പരാമർശം സയന്റിഫിക്ക് ടെംബറിനെ കുറിച്ചാണ് നടത്തിയത്. മത വിശ്വാസികൾ തനിക്കൊപ്പമാണ്. മതേതര നിലപാടുകൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. കെട്ടി ഇറക്കപ്പെട്ട ആളല്ല താൻ.ഒരു മത വിശ്വാസത്തെയും ഹനിക്കുന്ന ആളല്ല താനെന്നും ഷംസീർ വ്യക്തമാക്കി.

ഒരു ഭാഗത്ത് മത വിശ്വാസം ഭരണഘടന പറയുന്നുണ്ട്.അതുപോലെ ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണം എന്നും ഭരണഘടന പറയുന്നുണ്ട്. അത് പറയുന്നത് എങ്ങനെ മത വിശ്വാസത്തെ വൃണപ്പെടുത്തൽ ആകും. പാർട്ടി സെക്രട്ടറി കാര്യങ്ങൾ കൃത്യമായി പറഞ്ഞു.ഒരു വിശ്വാസത്തെയും ഹനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ മുതലെടുപ്പ് ആയിരിക്കാം ലക്ഷ്യം.വിശ്വാസികൾ അതിൽ വീണു പോകരുത്. ഭരണഘടനയിൽ ഉള്ള കാര്യമാണ് താൻ പറഞ്ഞത്.എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തനിക്ക് പ്രസംഗിക്കാനും അവകാശമുണ്ട്.ആ അഭിപ്രായം മാറ്റണമെന്ന് തനിക്ക് എങ്ങനെ പറയാൻ സാധിക്കും.വിവാദം നിർഭാഗ്യകരമാണ് . അനാവശ്യ പ്രചരണത്തിൽ നിന്ന് എൻഎസ്എസ് പിന്മാറണം.എൻഎസ്എസ് വലിയൊരു സമുദായ സംഘടനയാണ്. അതിൽ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

Story Highlights: NSS reacts AN Shamseer controversial remarks about Hindu deity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top