ഓസ്‌ട്രേലിയ ഓപ്പൺ: സിന്ധു, ശ്രീകാന്ത്, രജാവത്ത്, പ്രണോയ് എന്നിവർ ക്വാർട്ടർ ഫൈനലിൽ

ഇന്ത്യയുടെ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധുവും മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്തും ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സിന്ധു, ശ്രീകാന്ത്, എച്ച്.എസ് പ്രണോയ്, യുവതാരം പ്രിയാൻഷു രജാവത്ത് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ നിലവിലെ ദേശീയ ചാമ്പ്യൻ മിഥുൻ മഞ്ജുനാഥ് രണ്ടാം റൗണ്ടിൽ പുറത്തായി.
2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളി മെഡലും 2020ൽ ടോക്കിയോയിൽ വെങ്കലവും നേടിയ സിന്ധു 29 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 21-14, 21-10 എന്ന സ്‌കോറിനാണ് നാട്ടുകാരിയായ ആകർഷി കശ്യപിനെ പരാജയപ്പെടുത്തിയത്. ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 500 ഇനത്തിൽ കോർട്ട് 3-ൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ചൈനീസ് തായ്‌പേയിയുടെ സു ലി യാങ്ങിനെ 21-10, 21-17 എന്ന സ്‌കോറിന് തോൽപിച്ചാണ് ശ്രീകാന്ത് ക്വാർട്ടറിൽ പ്രവേശിച്ചത്.
ചൈനീസ് തായ്പേയിസ് താരം വാങ് സൂ വെയെയാണ് രജാവത് മറികടന്നത്. 59 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 21-8, 13-21, 21-19 എന്ന സ്‌കോറിനായിരുന്നു ജയം. പുരുഷ സിംഗിൾസ് ചാർട്ടിലെ ആദ്യ പത്തിൽ ഒമ്പതാം സ്ഥാനത്തുള്ള ഏക ഇന്ത്യൻ താരമായ പ്രണോയ്, ചൈനീസ് തായ്‌പേയിയുടെ ചി യു ജെന്നിനെ പരാജയപ്പെടുത്തി. 74 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 19-21, 21-19, 21-13 എന്ന സ്‌കോറിനാണ് പ്രണോയ് എതിരാളിയെ കീഴടക്കിയത്.
എച്ച്എസ് പ്രണോയിയുടെ അവസാന 8 ടൂർണമെന്റുകളിൽ നിന്നുള്ള ആറാം ക്വാർട്ടർ ഫൈനൽ പ്രവേശനം കൂടിയാണിത്. മലേഷ്യയുടെ പരിചയസമ്പന്നനായ ലീ സി ജിയയോടാണ് മിഥുൻ മഞ്ജുനാഥ് പരാജയപ്പെട്ടത്.
Story Highlights: Australian Open: Sindhu Srikanth Rajawat Prannoy Storm Into Quarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here