‘മണിപ്പൂരില്‍ സമാധാനം കൊണ്ടുവരും; കുറ്റക്കാരെ വെറുതെ വിടില്ല’; പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് പ്രധാനമന്ത്രി

അവിശ്വാസപ്രമേയ മറുപടിയില്‍ പ്രതിപക്ഷ ബഹളത്തിനൊടുവില്‍ മണിപ്പൂരിനെ കുറിച്ച് മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. മറുപടി പ്രസംഗത്തിന്റെ ആദ്യ മണിക്കൂര്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ നേട്ടങ്ങളെ കുറിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും പ്രധാനമന്ത്രി സംസാരിച്ചതോടെ മണിപ്പൂര്‍ വിഷയം പറയൂ എന്നായി പ്രതിപക്ഷം. തുടര്‍ച്ചയായി മണിപ്പൂര്‍ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തെ, കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രിയെ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോണ്‍ഗ്രസ് തകര്‍ത്തു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മണിപ്പൂരില്‍ കലാപമുണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവില്ലെന്നും മണിപ്പൂരില്‍ സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി പറഞ്ഞു.
‘പ്രതിപക്ഷത്തിന് കേള്‍പ്പിക്കാനാണ് താല്‍പര്യം. കേള്‍ക്കാന്‍ താല്‍പര്യമില്ല. ആഭ്യന്തര മന്ത്രിയെ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുവദിച്ചിരുന്നെങ്കില്‍ ചര്‍ച്ച മണിപ്പൂര്‍ വിഷയത്തില്‍ മാത്രമാകുമായിരുന്നു. എന്നാല്‍ അതനുവദിക്കാതെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അതിനാലാണ് എല്ലാ വിഷയവും മറുപടി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. പക്ഷേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചു.
കഴിഞ്ഞ ദിവസം മണിപ്പൂരിനെ കുറിച്ച് സഭയില്‍ അമിത്ഷാ വിശദമായി സംസാരിച്ചു. രാജ്യം മുഴുവന്‍ മണിപ്പൂരിനൊപ്പമാണ്. മണിപ്പൂര്‍ വികസനത്തിന്റെ പാതയിലേക്ക് വരും. എന്നാല്‍ പ്രതിപക്ഷം സഭയില്‍ ഭാരതമാതാവിനെ കുറിച്ച് പറഞ്ഞത് വിഷമിപ്പിച്ചു. ഭാരതമാതാവിനെ അപമാനിച്ചത് ക്ഷമിക്കാനാകില്ല. മണിപ്പൂരിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും. ഭാരതമാതാവിനെ ഭിന്നിപ്പിച്ചതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോണ്‍ഗ്രസ് തകര്‍ത്തു. 1966മാര്‍ച്ച് അഞ്ചിന് മിസോറാമില്‍ വ്യോമസേനയെ ഉപയോഗിച്ച് ആക്രമണം നടത്തിയത് കോണ്‍ഗ്രസാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: നമ്മുക്ക് അഭിമാനിക്കം, രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രധാനമന്ത്രി
മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി പറയാതെ പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചതും ഇറങ്ങിപ്പോയതും. ഒടുവില്‍ ശബ്ദവോട്ടോടെ അവിശ്വാസം തള്ളുകയായിരുന്നു. പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ച് സഭ ബഹിഷ്‌കരിച്ചു.
Story Highlights: Narendra modi quit silence in Parliament about manipur issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here