ഏഷ്യൻ ഗെയിംസിൽ നിന്ന് വിനേഷ് ഫോഗട്ട് പിന്മാറി

ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. പരിശീലനത്തിനിടെയാണ് വിനേഷിന് പരിക്കേറ്റത്. 53 കിലോഗ്രാം വിഭാഗത്തിൽ വിനേഷിന് പകരം ആന്റിം പംഗൽ മത്സരിക്കും.
‘ഏറെ സങ്കടകരമായ വാർത്തയാണ് പങ്കുവയ്ക്കാനുള്ളത്. ഓഗസ്റ്റ് 13 പരിശീലനത്തിനിടെ കാൽമുട്ടിന് പരുക്കേറ്റു. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഓഗസ്റ്റ് 17 ന് മുംബൈയിലാണ് ശസ്ത്രക്രിയ. 2018 ൽ ജക്കാർത്തയിൽ നേടിയ സ്വർണം രാജ്യത്തിനായി നിലനിർത്തണമെന്നത് സ്വപ്നമായിരുന്നു. തൽക്കാലം അതിന് കഴിയില്ല. 2024 ലെ പാരീസ് ഒളിമ്പിക്സിന് തയ്യാറെടുക്കാൻ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു’ – ഫോഗട്ട് ട്വീറ്റ് ചെയ്തു.
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 53KG വിഭാഗത്തിൽ ഫോഗട്ടിന് പകരം ജൂനിയർ ലോക ചാമ്പ്യൻ ആന്റിം പംഗൽ മത്സരിക്കും. ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പരസ്യപ്രതിഷേധത്തിനിറങ്ങിയവരില്‍ ഒരാളാണ് വിനേഷ് ഫോഗട്ട്. നേരത്തെ ബജ്റംഗ് പൂനിയയ്ക്കും ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നല്‍കിയ ഫെഡറേഷന്റെ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
Story Highlights: Asian Games: Vinesh Phogat pulls out due to knee injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here