Advertisement

കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നു

August 18, 2023
2 minutes Read
The first baby was born at the Kanhangad Women and Children's Hospital

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു. കാസര്‍ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ജില്ലയില്‍ രണ്ട് ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുകയും പരിശോധനാ സംവിധാനം ഒരുക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനായി 23 കോടി രൂപ അനുവദിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കിഫ്ബി വഴി 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയില്‍ പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് അനുവദിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യാഥാര്‍ത്ഥ്യമാക്കിയത്. ഈ ആശുപത്രിയ്ക്കായി 12 പുതിയ തസ്തികകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ സൃഷ്ടിച്ചു. അധിക തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.

ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ 7068 പേര്‍ക്ക് ഒ.പി. സേവനവും 77 പേര്‍ക്ക് ഐ.പി. സേവനവുമാണ് ലഭ്യമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററും കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് സിസ്റ്റവും സജ്ജമാക്കി.

മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ മൂന്ന് ഓപ്പറേഷന്‍ തിയേറ്ററുകള്‍, കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാഷ്വാലിറ്റി, എസ്.എന്‍.സി.യു, ഐ.സി.യു, 90 കിടക്കകളോട് കൂടിയ ഐപി സൗകര്യം, ഒ.പി. വിഭാഗം, ഫാര്‍മസി, ലാബ് എന്നിവയുടെ സജ്ജീകരിച്ചിട്ടുണ്ട്.

Story Highlights: The first baby was born at the Kanhangad Women and Children’s Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top