മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഒരുങ്ങുന്നത് മെഗാരക്തദാനം; പങ്കെടുക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരാധക കൂട്ടായ്മ ഒരുക്കുന്നത് മെഗാരക്തദാനം. സെപ്തംബര്‍ 7ന് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും അനുഭാവികളും ചേര്‍ന്ന് ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് രക്തദാനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള പതിനേഴ് രാജ്യങ്ങളിലായാണ് മെഗാ രക്തദാനം സംഘടിപ്പിക്കുന്നത്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, അമേരിക്ക, ആസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് യുകെ, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ താരത്തിന്റെ ആരാധക കൂട്ടായ്മയാണ് രക്തദാനത്തില്‍ അണിചേരുന്നത്. യുഎയില്‍ എല്ലാ എമിറേറ്റ്‌സുകളിലും രക്തദാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് വരികയാണെന്ന് അഹമ്മദ് ഷമീം അറിയിച്ചു.
ആഗസ്റ്റ് അവസാന ആഴ്ച തന്നെ രക്തദാനം ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു. കേരളത്തിലും രക്തദാനത്തിനുള്ള ഒരുക്കങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള സ്റ്റേറ്റ് കമ്മിറ്റിയാണ് സംസ്ഥാനത്തെ രക്തദാനത്തിന് നേതൃത്വം നല്‍കുന്നത്.
കേരളത്തിലെ പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ രക്തദാനം നടത്തും. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയില്‍ നിന്ന് ആയിരങ്ങള്‍ മെഗാരക്തദാനത്തില്‍ പങ്കാളികളാകുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുണ്‍ പറഞ്ഞു.
Story Highlights: 25000 People participate in blood donation on Mammootty birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here