‘എനിക്ക് പണം ലഭിച്ചുവെന്ന് കാണിക്കുന്ന റെസീപ്റ്റ് കണ്ടെടുക്കാൻ കാണിച്ച ആർജവം പാവം കൃഷിക്കാരുടെ പണം നൽകാൻ കാണിച്ചിരുന്നെങ്കിൽ….’; ട്വന്റിഫോറിനോട് കൃഷ്ണ പ്രസാദ്

കർഷകർക്ക് നെൽ സംഭരണ തുക നൽകാത്തത് ഏറെ നാളായി പരാതി ഉയരുന്ന വിഷയമായിരുന്നു. പിന്നാലെ ജയസൂര്യയുടെ വിവാദ പരാമർശത്തോടെയാണ് സംഭവം സജീവ ചർച്ചയായത്. വിഷയത്തിൽ നിലവിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും കർഷകനുമായ കൃഷ്ണ പ്രസാദ്. ( krishna prasad about farmers issue )
‘ജയസൂര്യ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന വ്യക്തിയാണ്. കാർഷികോത്സവ ഉദ്ഘാടനത്തിന് പോകും മുൻപ് ജയസൂര്യ എന്നോട് കൃഷിയെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. അത് അദ്ദേഹത്തിന് ഭയങ്കരമായി സ്പാർക്ക് ചെയ്തു. ഇത്രനാൾ പാവം പിടിച്ച കൃഷിക്കാർ മന്ത്രിമാർക്ക് നിവേദനം കൊടുത്തിട്ടും ശ്രദ്ധിക്കപ്പെടാത്ത കാര്യം ജയസൂര്യയെ പോലൊരാൾ മന്ത്രിമാർ ഇരിക്കെ ഇക്കാര്യം പറഞ്ഞതുകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്’- കൃഷ്ണ പ്രസാദ് പറഞ്ഞു. ഇനിയെങ്കിലും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.
വിഷയം വിവാദമായി ഒരു മണിക്കൂറിനകം എനിക്ക് പണം നൽകിയ റെസീപ്റ്റ് കണ്ടെത്തിയെടുത്തു. ‘ഇന്നലെ നാമമാത്രമായ ജീവനക്കാർ മാത്രമാണ് ബാങ്കിൽ ജോലിയിലുള്ളത്. എവിടെയൊക്കെയോ വിളിച്ചാണ് റെസീപ്റ്റ് എടുത്തത്. ഈ ആർജവം പാവപ്പെട്ട് കൃഷിക്കാരൻരെ പൈസ കൊടുക്കാൻ കാണിച്ചിരുന്നെങ്കിൽ എത്രയോ നന്നായേനെ’- കൃഷ്ണ പ്രസാദ് പറഞ്ഞു. നിലവിൽ നൽകിയെന്ന് പറയുന്ന പണം ലോണായാണ് നൽകിയിരിക്കുന്നതെന്നും കൃഷ്ണ പ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു.
തനിക്ക് പണം ലഭിച്ചില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കൃഷ്ണപ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു. ലക്ഷക്കണക്കിന് കൃഷിക്കാരുള്ളതിൽ ജയസൂര്യയ്ക്ക് അറിയുന്നത് താനെന്ന കൃഷിക്കാരനെ മാത്രമാകുമെന്നും അതുകൊണ്ടാണ് സുഹൃത്തായ തന്റെ പേര് പരാമർശിച്ചതെന്നും, തനിക്ക് പണം നൽകിയതുകൊണ്ട് മാത്രം കൃഷിക്കാരുടെ പ്രശ്‌നം തീരുമോ എന്നും കൃഷ്ണപ്രസാദ് ചോദിച്ചു. കൃഷിക്കാരനായ ഒരാൾ കൃഷി മന്ത്രിയായപ്പോൾ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.
വിഷയത്തിനിടെ തന്റെ രാഷ്ട്രീയം ചർച്ചയാക്കേണ്ട കാര്യമില്ലെന്നും, തന്റെ തൊഴിലിലും കൃഷിയിടത്തിലും താൻ രാഷ്ട്രീയം കൂട്ടിക്കലർത്തിയിട്ടില്ലെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കി.
Story Highlights: krishna prasad about farmers issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here