‘എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ’; ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആവർത്തിച്ച് മോഹൻ ഭാഗവത്

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആവർത്തിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്, ഹിന്ദു എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു. ‘ദൈനിക് തരുൺ ഭാരത്’ ദിനപത്രം നടത്തുന്ന ശ്രീ നർകേസരി പ്രകാശൻ ലിമിറ്റഡിന്റെ പുതിയ കെട്ടിടമായ ‘മധുകർ ഭവൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി.
‘ഹിന്ദുസ്ഥാൻ ഒരു ‘ഹിന്ദു രാഷ്ട്ര’മാണ്, ഇത് ഒരു വസ്തുതയാണ്. പ്രത്യയശാസ്ത്രപരമായി, എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്, ഹിന്ദുക്കൾ എന്നാൽ എല്ലാ ഭാരതീയരും. ഇന്ന് ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂർവ്വികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണ്, ഇവയല്ലാതെ മറ്റൊന്നുമല്ല. ചിലർക്ക് ഇത് മനസ്സിലായിട്ടുണ്ട്, ചിലർക്ക് അവരുടെ ശീലങ്ങളും സ്വാർത്ഥതയും കാരണം മനസ്സിലാക്കാൻ കഴിയില്ല, ചില ആളുകൾക്ക് ഇത് മറന്നുപോയി’ – മോഹൻ ഭാഗവത് പറഞ്ഞു.
നമ്മുടെ പ്രത്യയശാസ്ത്രത്തിന് ബദലില്ലെന്നും ഭഗവത് പറഞ്ഞു. ന്യായവും വസ്തുതകളെ അടിസ്ഥാനമാക്കിയും, സ്വന്തം പ്രത്യയശാസ്ത്രം അതേപടി നിലനിറുത്തിക്കൊണ്ട് എല്ലാവരേയും ഉൾക്കൊള്ളുന്നതായിരിക്കണം മാധ്യമ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: India A “Hindu Rashtra”: RSS Chief Mohan Bhagwat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here