‘അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ്റെ പുനർനിയമനം റദ്ദാക്കണം’; വി.ഡി സതീശൻ

അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവിന്റെ കത്ത്. ചട്ടലംഘനം നടത്തിയ നന്ദകുമാറിനെ സർവീസിൽ നിന്നും പുറത്താക്കണം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. നന്ദകുമാറിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു.
കത്ത് പൂർണ രൂപത്തിൽ:
അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയ ഐ.എച്ച്.ആര്‍.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിനെ സർവീസിൽ നിന്നും പുറത്താക്കണം. കഴിഞ്ഞ വർഷം മെയിൽ സെക്രട്ടേറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുൻപാണ് IHRD ൽ നിയമിച്ചത്. സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ നന്ദകുമാറിനെ ഇപ്പോഴത്തെ തസ്തികയിൽ നിന്ന് ഉടൻ നീക്കം ചെയ്യണം.
അച്ചു ഉമ്മന്‍റെ പരാതിയില്‍ കേസെടുത്ത് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ല. ഉന്നത CPM ബന്ധമാണ് ഇയാൾക്ക് പോലീസ് നൽകുന്ന സംരക്ഷണത്തിന് കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത ഒരു ക്രിമിനലിനെ സംരക്ഷിക്കുന്നത് സർക്കാരിന് അപമാനമാണ്.
സ്ത്രീപക്ഷ നിലപാടുകളിൽ മുഖ്യമന്ത്രിക്ക് ആത്മാർഥതയുടെങ്കിൽ നന്ദകുമാറിനെ സർവീസിൽ നിന്ന് പുറത്താക്കുകയും അയാൾക്കെതിര ക്രിമിനൽ കേസ് എടുക്കുകയും വേണം.
Story Highlights: ‘Reappointment of IHRD officer who insulted Achu Oommen should be cancelled’; VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here