”കാലഘട്ടത്തെ പിന്നിലാക്കി സ്വയം നവീകരിച്ച നടൻ”; സൂക്ഷമാഭിനയം കൊണ്ട് വിസ്മയിപ്പിച്ച മമ്മൂട്ടിയുടെ 2022

സൂക്ഷമാഭിനയം കൊണ്ട് ബിഗ് സ്‌ക്രീനിൽ മമ്മൂട്ടി നിറഞ്ഞാടിയ വർഷമായിരുന്നു 2022. നാല് പതിറ്റാണ്ടിലേറെ നീളുന്ന അഭിനയ ജീവിതത്തിൽ മലയാളികൾ മമ്മൂട്ടിയുടെ പലതരം കഥാപാത്രങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഒരു നടനാകാൻ ഇനിയും ഒരുപാട് ഘടകങ്ങൾ ആവശ്യമാണ് എന്ന ഉൾബോധത്തോടെ സ്വയം നവീകരിക്കാനാണ് മമ്മൂട്ടി ഇപ്പോഴും ശ്രമിക്കുന്നത്.
ചെയ്യാൻ ഇനിയുമേറെ കഥാപാത്രങ്ങളാണ് ബാക്കിയുള്ളതെന്നാണ് മമ്മൂട്ടി പറഞ്ഞത്. മാസ് റോളുകളേക്കാൾ മലയാള താരങ്ങൾ ഇപ്പോൾ പ്രാധാന്യം കല്പിക്കുന്നത് ആഴമുള്ള കഥാപാത്രങ്ങൾക്കാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വർഷത്തെ മമ്മൂട്ടി ചിത്രങ്ങൾ.
അഭിനയിച്ച ഓരോ സിനിമയും മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വേഷങ്ങൾ. ഭീഷ്മപർവം, സിബിഐ 5 ദ ബ്രെയിൻ, പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ എന്നിവയായിരുന്നു മമ്മൂട്ടിയുടെ 2022ലെ ചിത്രങ്ങൾ. മാസ് ലുക്കിൽ നായകനായും ആക്ഷൻ ഹീറോയായും ഒരേ സമയം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി നിറഞ്ഞാടിയ വർഷം.
ഇതിൽ ഒരോ സിനിമയിലെ കഥാപാത്രങ്ങളിൽ താരം കൊണ്ടുവന്ന വൈവിധ്യം എടുത്തുപറയേണ്ടതുമാണ്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ജെയിംസിൽ നിന്ന് സുന്ദരമാകാൻ മമ്മൂട്ടിക്ക് ഒരു പ്രയാസവുമില്ലായിരുന്നു എന്ന് സംവിധായകൻ ലിജോ ജോസ് പറയുമ്പോൾ പോലും നടൻ എന്ന നിലയിൽ ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശത്തിന് പിന്നിൽ മമ്മൂട്ടി പിന്തുടർന്ന അഭിനയ പാടവത്തിന്റെ വലിയൊരു സമ്പത്തുണ്ട്.
അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവംപ്രതീക്ഷക്കും മേലെ ഉയർന്നപ്പോൾ മമ്മൂട്ടിയുടെ പക്വമായ അഭിനയവും ആവേശം കൊള്ളിക്കുന്ന ആക്ഷൻ സീക്വൻസുകളും തിയേറ്ററിലെത്തിയ പ്രേക്ഷകരില്‍ ആവേശം വർധിച്ചു. ഒരു സിബിഐ ഡയറിക്കുറിപ്പ് മുതൽ മലയാളികൾ കണ്ട സേതുരാമയ്യരുടെ നടപ്പിലെയും സംസാരത്തിലെയും ഭാവത്തിലെയും അന്തഃസത്ത അതേപടി കൊണ്ടുവരാൻ മമ്മൂട്ടിക്ക് വർഷങ്ങൾക്ക് ശേഷവും സാധിച്ചു.
പക്ഷെ അയ്യരുടെ അഞ്ചാം വരവിന് മുൻ സിബിഐ ചിത്രങ്ങൾക്ക് ലഭിച്ച വരവേൽപ്പ് ലഭിച്ചില്ല. പുഴുവിലെ കുട്ടൻ മമ്മൂട്ടിയുടെ മറ്റൊരു വേഷപ്പകർച്ചയായിരുന്നു. സ്ലോ പേസിൽ ആരംഭിച്ച് ഒരു ആന്റഗണിസ്റ്റായാണ് മമ്മൂട്ടി പുഴുവിലൂടെ സഞ്ചരിച്ചത്.
റോഷാക്ക് എന്ന വാക്കിന്റെ അർഥത്തിന് പിന്നാലെ പോയ സിനിമാസ്വാദകർക്ക് മനസിലായി വരാനിരിക്കുന്നത് ഒരു സാധാരണ സിനിമയല്ല എന്ന്.വളരെ കോംപ്ലക്സ് ആയ ഒരു ചിത്രം. ഒരോ ഇടവേളകളിലും ട്വിസ്റ്റ്. ഒരു സൈക്കോളജിക്കൽ സിനിമയാണോ, ഹൊററാണോ എന്നുള്ള പല ചോദ്യങ്ങൾ കൊണ്ട് പ്രേക്ഷകനെ രസിപ്പിക്കുന്ന പക്ക സൈക്കോളജിക്കൽ ത്രില്ലറാണ് റോഷാക്ക്.
പെർഫോമൻസ് കൊണ്ട് ആരാണ് മികച്ചത് എന്ന് പറയാൻ കഴിയാത്തത്ര ഗംഭീര പ്രകടനം കാഴ്ച്ച വെച്ച അഭിനേതാക്കളും സിനിമയിൽ ഉണ്ടായി. നൻപകൽ കണ്ടിറങ്ങിയവർ ഏതു വാക്കുകൾ കൊണ്ട് സിനിമയെ വിലയിരുത്തണം എന്ന് ബുദ്ധിമുട്ടിയാണ് തിയേറ്റർ വിട്ടിറങ്ങിയത്. അങ്ങനെ കോളിളക്കം സൃഷ്ടിച്ച സിനിമയേയും തുടക്കം മുതൽ അവസാനം വരെ പെർഫോമൻസ് കൊണ്ട് മാത്രം തന്നിലേക്ക് അടുപ്പിച്ച മമ്മൂട്ടിയേയും സംസ്ഥാന ചലച്ചിത്ര പുരസ്കര ജൂറിക്ക് ഒഴിവാക്കാനാവാകില്ല.
‘മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങൾ, രണ്ട് ഭാഷകൾ, രണ്ട് സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ’. 2022-ൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മാസങ്ങളുടെ മാത്രം വ്യത്യാസത്തിലാണ് മമ്മൂട്ടി അഭിനയിച്ചു തീർത്തത്. അതായത് ഒരു സെറ്റിൽ നിന്ന് മറ്റൊരു സിനിമ സെറ്റിലേക്ക് നടൻ ഒടിക്കയറിയത് ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയെടുത്ത് മാത്രം’-മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജൂറി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.
1985-ൽ അടിയൊഴുക്കുകൾ എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ്. 1990-ൽ പുറത്തിറങ്ങിയ മതിലുകൾ, വടക്കൻ വീരഗാഥ എന്നീ സിനിമകൾക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും മൃഗയ, മഹായാനം എന്നി സിനിമകളെ ചേർത്ത് സംസ്ഥാന പുരസ്കാരവും. 1994-ൽ വിധേയൻ, പൊന്തൻമാട, വാത്സല്യം എന്നീ സിനിമകൾക്ക് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ. 1999-ൽ ഡോ ബാബ സാഹേബ് അംബേദ്കർ എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം. 2005-ൽ കാഴ്ച്ച സിനിമയ്ക്കും 2010-ൽ പാലേരിമാണിക്യം എന്ന സിനിമയ്ക്കും സംസ്ഥാന പുരസ്കാരം. പിന്നീടുള്ള 11 വർഷത്തെ കാത്തിരിപ്പാണ് നൻപകലിലൂടെ അവസാനിക്കുന്നത്.
Story Highlights: Mammottys career best perfomances in 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here