‘പുതുപ്പള്ളിയിലെ ഉജ്വല വിജയം കാലത്തിന്റെ ചുവരെഴുത്ത്’; മുല്ലപ്പള്ളി രാമചന്ദ്രൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഉജ്വല വിജയം ഉമ്മൻ ചാണ്ടി എന്ന ജനപ്രിയ നേതാവിന്റെ സമർപ്പിത ജീവിതത്തിന്റെ സാക്ഷ്യ പത്രമാണെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി സർക്കാറിനെതിരെ കേരളമാകെ ആഞ്ഞടിക്കുന്ന അമർഷത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതിഫലനം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്നും ഇത് കാലത്തിന്റെ ചുവരെഴുത്താണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ഉജ്വല വിജയം ഉമ്മൻ ചാണ്ടി എന്ന ജനപ്രിയ നേതാവിന്റെ സമർപ്പിത ജീവിതത്തിന്റെ സാക്ഷ്യ പത്രമാണ്. അതോടൊപ്പം പിണറായി സർക്കാറിനെതിരെ കേരളമാകെ ആഞ്ഞടിക്കുന്ന അമർഷത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതിഫലനം കൂടിയാണ്. ഇത് വ്യക്തമായ ഒരു ചുവരെഴുത്ത് തന്നെയാണ്.
30 വഷത്തിലേറെ പശ്ചിമ ബംഗാൾ ഭരിച്ച സിപിഎം ഒരു ജനതയെ കുത്തുപാളയെടുപ്പിച്ചത് മറക്കാൻ കഴിയില്ല. സമാനമായ ചിത്രമാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ ഇത് പോലെ അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഒരു സർക്കാറുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ധിക്കാരവും ജനം മടുത്തു കഴിഞ്ഞു. പശ്ചിമ ബംഗാളിലുണ്ടായ അതെ സ്ഥിതിയാണ് ഏഴു വർഷക്കാലം കൊണ്ട് കേരളത്തിൽ ഉണ്ടായത്.
പശ്ചിമബംഗാൾ കേരളത്തിൽ ആവർത്തിക്കപ്പെടാൻ പോകുന്നുവെന്നതിന്റ കൃത്യമായ സൂചനയാണിത്. സ്വേഛാധിപതികൾക്ക് മാപ്പു കൊടുത്ത ചരിത്രം ലോകത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല. സർവ്വാധിപതിയായ ജോസഫ് സ്റ്റാലിനെ ആരാധ്യ പുരുഷനായി കാണുന്ന പിണറായി വിജയൻ ജീർണ്ണതയുടെ ആഴങ്ങളിൽ നിപതിച്ച കാര്യം അദ്ദേഹത്തിനും സ്തുതി പാഠകന്മാർക്കും മാത്രം അറിയില്ല. സി.പി.എം.ന്റെ ഇന്ത്യയിലെ അവസാനത്തെ തുരുത്തും നഷ്ടപ്പെടുകയാണ്. കാലത്തിന്റെ കാവ്യനീതി പിണറായിയും സി.പി.എം. മറക്കരുത്.
Story Highlights: Mullapally Ramachandran on Puthuppally win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here