കെസി വേണുഗോപാൽ തന്റെ സഹോദരൻ, അദ്ദേഹം തന്നെ ദ്രോഹിച്ചിട്ടില്ല; മേശ് ചെന്നിത്തല

കെ സി വേണുഗോപാൽ തന്റെ സഹോദരനാണെന്നും അദ്ദേഹം തന്നെ ദ്രോഹിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. CWC പുനസംഘടനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല. വേണുഗോപാലുമായി പരസ്പരം മെച്ചപ്പെട്ട ബന്ധമാണ് ഉള്ളത്. അദ്ദേഹം തനിക്കെതിരെ നിൽക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. കെ സി വേണുഗോപാൽ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതിൽ തനിക്ക് സന്തോഷം മാത്രമാണുള്ളത്. തനിക്കെതിരെ പറഞ്ഞാലും കെ മുരളീധരനെതിരെ താൻ ഒന്നും പറയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടി പല പദവികളും തനിക്ക് നൽകിയിട്ടുണ്ട്. CWC അംഗത്വത്തിൽ മനസ്സിൽ നീരസം ഉണ്ടായിരുന്നു. താഴേത്തട്ടു മുതൽ പ്രവർത്തിച്ചു ഉന്നത സ്ഥാനങ്ങളിൽ എത്തിയ ആളാണ് താൻ. താൻ ആർക്കും അപ്രാപ്യനല്ല. കഴിഞ്ഞ രണ്ടു വർഷമായി പദവികൾ ഇല്ല. എന്നിട്ടും ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുകയാണ്. പദവികൾ ഇല്ലെങ്കിലും നാളെയും അത് തുടരും. CWCയിൽ ഇടം നേടിയവർ എല്ലാം അർഹരും യോഗ്യരുമാണ്. സ്ഥിരം ക്ഷണിതാവ് ആയാണ് തന്നെയും ഉൾപ്പെടുത്തിയത്. ഇതിൽ നേതൃത്വത്തോട് നന്ദി പറയുന്നു.
19 വർഷം മുമ്പും താൻ സ്ഥിരം ക്ഷണിതാവ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ നേതൃത്വം പലപ്പോഴും പല പ്രത്യേക ദൗത്യങ്ങളും എൽപിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ട് മുമ്പ് വഹിച്ച പദവി വീണ്ടും നൽകിയപ്പോൾ അസ്വാഭാവികത തോന്നിയെന്നത് സത്യമാണ്. വ്യക്തിപരമായ ഉയർച്ച താഴ്ച്ചകൾക്കല്ല ഈ ഘട്ടത്തിൽ പ്രസക്തി, പാർട്ടി തന്നെയാണ് വലുത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയപ്പോൾ പദവി നഷ്ടമായതിൽ ആയിരുന്നില്ല വിഷമം, വിഷയം കൈകാര്യം ചെയ്ത രീതിയോട് ആയിരുന്നു എതിർപ്പുണ്ടായിരുന്നത്.
CWC അംഗത്വത്തിൽ ചില പൊരുത്തക്കേടുകൾ തോന്നിയിരുന്നു. പ്രഖ്യാപനം വന്നപ്പോൾ അതെല്ലാം മനസ്സിൽ സ്വാധീനിച്ചു. പ്രതീക്ഷിക്കാത്ത വിവരം കേട്ടപ്പോൾ തോന്നിയ വികാരവിക്ഷോഭം മാത്രമായിരുന്നു അത്. ഇപ്പോൾ അതൊന്നും മനസ്സിൽ ഇല്ല. പലരും തന്നെക്കാൾ സ്നേഹിക്കുന്നത് പാർട്ടിയെയാണ്. തനിക്കും അതുപോലെ തന്നെയാണ്. പാർട്ടി എടുക്കുന്ന ഏതു തീരുമാനവും എല്ലാ ഘട്ടത്തിലും അംഗീകരിച്ചിട്ടുണ്ടെന്നും പറയാനുള്ള കാര്യങ്ങൾ ഹൈകമാന്റിനെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Ramesh Chennithala reacts to CWC reorganization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here