Advertisement

ഭൂമി തർക്കം; യുപിയിൽ 3 പേരെ വീടുകയറി വെട്ടിക്കൊന്നു, പ്രതിയുടെ വീടിന് നാട്ടുകാർ തീയിട്ടു

September 15, 2023
Google News 2 minutes Read
3 of family murdered over land dispute; locals set house of accused on fire

ഉത്തർപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം. കൗശാംബിയിൽ ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടുകയറി വെട്ടിക്കൊന്നു. കൊലപാതകത്തിൽ പ്രകോപിതരായ ചിലർ സമീപത്തെ വീടുകളും കടകളും അഗ്നിക്കിരയാക്കി.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഹോരിലാൽ, മകൾ ബ്രിജ്കാലി, മരുമകൻ ശിവശരൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോൾ ചിലർ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. മറ്റൊരു ഗ്രാമവാസിയായ സുഭാഷുമായി ഹോരിലാലിന് ഭൂമി തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം നാട്ടുകാരിൽ പരിഭ്രാന്തി പരത്തുകയും പ്രകോപിതരായ ചിലർ പ്രതിയുടെ ഉൾപ്പെടെ നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കുകയും ചെയ്തു. ആറോളം വീടുകൾക്ക് തീയിട്ടുവെന്നാണ് വിവരം. സംഭവമറിഞ്ഞ് പൊലീസും ഫയർഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി. മൃതദേഹം ഏറ്റെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാർ എതിർത്തു.

പ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. പ്രതികളായ നാലുപേരുടെ പേര് വിവരങ്ങൾ ലഭിച്ചതായി പൊലീസ്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. സംഭവസ്ഥലത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Story Highlights: 3 of family murdered over land dispute, locals set house of accused on fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here