കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ സർവകലാശാല

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. ഇതോടെ, ഇന്നലെയും ഇന്നുമായി സർവകലാശാലയിൽ നടക്കുന്ന UG, PG ഓപ്പൺ കൗൺസിലിങ്ങിന് എത്തിയ വിദ്യാർഥികൾ ദുരിതത്തിലായി. വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകുന്നതാണ് സർവകലാശാലയുടെ നിർദ്ദേശം. (nipa certifcate kerala students)
സെമസ്റ്റർ ബ്രേക്ക് കഴിഞ്ഞ് ഈ മാസം 18ന് ക്യാമ്പസിൽ തിരിച്ചെത്തുന്ന മലയാളി വിദ്യാർഥികൾക്കും നിർദ്ദേശം ബാധകമാകും. മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സർവകലാശാല നടപടിയെന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു. അടിയന്തര ഇടപെടൽ തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവദാസൻ എംപി കത്തയച്ചു. സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയിൽ മലയാളി വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് ആശങ്ക അറിയിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കോഴിക്കോട് ഇന്ന് ഉന്നതലയോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും. സർവകക്ഷിയോഗവും, ജനപ്രതിനിധികളുടെ യോഗവും കളക്ടറേറ്റിൽ ചേരുന്നുണ്ട്.
Read Also: നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്
ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളിൽ സന്ദർശനം നടത്തും. കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് സ്ഥാപിച്ച മൊബൈൽ വൈറോളജി ലാബിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ച 11 സാമ്പിളുകൾ നെഗറ്റീവായത് ആശ്വാസമാണ്. ഇന്നലെ അയച്ച 30 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടപടികളാരംഭിച്ചു. ഹൈ റിസ്ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമായും ധരിക്കണം. എൻ.ഐ.വി. പൂനെയുടെ മൊബൈൽ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ടീമും എത്തുന്നുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താൻ കെ.എം.എസ്.സി.എൽ.ന് ആരോഗ്യ മന്ത്രി നിർദേശം നൽകി.
Story Highlights: nipa negative certifcate kerala students madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here