ഷമിയ്ക്ക് അഞ്ച് വിക്കറ്റ്, മികച്ച തുടക്കം മുതലെടുക്കാനാവാതെ ഓസീസ് ബാറ്റമാർ; ഇന്ത്യക്ക് 277 റൺസ് വിജയലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 277 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 276 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. 52 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി.
മിച്ചൽ മാർഷിനെ (4) ആദ്യ ഓവറിൽ തന്നെ ഷമി മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. ആദ്യ പന്തുകളിൽ ടൈമിങ് കിട്ടാതെ വിഷമിച്ച വാർണർ പിന്നീട് ഫോമിലേക്കുയരുകയും ഫിഫ്റ്റി നേടുകയും ചെയ്തു. ഫിഫ്റ്റിക്ക് പിന്നാലെ ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്. സ്മിത്തുമൊത്ത് 94 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് വാർണർ പുറത്തായത്. ഏറെ വൈകാതെ സ്റ്റീവ് സ്മിത്തും (41) പവലിയനിൽ തിരിച്ചെത്തി. സ്മിത്തിനെയും ഷമിയാണ് വീഴ്ത്തിയത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ ഓസീസിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. പല ബാറ്റർമാർക്കും തുടക്കം ലഭിച്ചെങ്കിലും വൻ സ്കോർ നേടാൻ സാധിച്ചില്ല. മാർനസ് ലബുഷെയ്നെ (39) അശ്വിൻ മടക്കി അയച്ചപ്പോൾ കാമറൂൺ ഗ്രീൻ (31) റണ്ണൗട്ടായി. മാർക്കസ് സ്റ്റോയിനിസ് (29), മാത്യു ഷോർട്ട് (2) ഷോൺ ആബട്ട് (2) എന്നിവരെക്കൂടി വീഴ്ത്തിയ ഷമി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ജോഷ് ഇംഗ്ലിസിനെ (45) ബുംറ മടക്കിയപ്പോൾ അവസാന പന്തിൽ ആദം സാമ്പ (2) റണ്ണൗട്ടായി. പാറ്റ് കമ്മിൻസ് (21) നോട്ടൗട്ടാണ്.
Story Highlights: australia 276 all out india odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here