കേരളത്തിലെ സഹകരണ മേഖലയിലേക്ക് കഴുകൻ കണ്ണ് വെയ്ക്കുകയാണ് കേന്ദ്ര സർക്കാർ; മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ മേഖലയിലേക്ക് കേന്ദ്ര സർക്കാർ കഴുകൻ കണ്ണ് വെയ്ക്കുകയാണെന്നും ഇവിടുത്തെ നിക്ഷേപം കണ്ട് വല്ലാത്തൊരു ആർത്തിയാണ് അവർക്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ തകർക്കാൻ നോട്ട് നിരോധനത്തിന്റെ കാലം മുതൽ ശ്രമിക്കുന്നുണ്ട്. കേരളത്തിന് അർഹതപ്പെട്ട വിഹിതം കേന്ദ്രം തരണം. കേരളത്തെ ഉപദ്രവിക്കാനാണ് കേന്ദ്ര സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചില സംസ്ഥാനങ്ങൾക്ക് വാരി കോരി കൊടുക്കുമ്പോൾ കേരളത്തെ അവഗണിക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ. കേരളത്തിലെ വികസനം കൂടുതലും നടക്കുന്നത് കിഫ്ബി സാമ്പത്തിക സ്രോതസിലൂടെയാണ്.
യു.ഡി.എഫ് എം.പിമാരെയും മുഖ്യമന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു. ബിജെപി യോട് സമരസപ്പെടുകയാണ് യു.ഡി.എഫ് എം.പിമാർ. നാടിന്റെ പ്രശ്നം പാർലിമെന്റിൽ ഉന്നയിക്കുന്നില്ല അവർ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ എല്ലാ കണക്കും വച്ച് കേന്ദ്ര ധനമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കാൻ എം പിമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിൽ അവർ ഒപ്പിടാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Story Highlights: CM Pinarayi Vijayan criticizes BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here