മലയാള സിനിമയില്‍ അടയാളപ്പെടുത്തപ്പെട്ട കെ. ജി ജോര്‍ജ് ചിത്രങ്ങള്‍

മലയാളികള്‍ കണ്ടുപഠിച്ച ശീലങ്ങളില്‍ നിന്ന് മാറിനടന്ന ചലച്ചിത്ര ലോകത്തിന് അത്ര പരിചിതമല്ലാത്ത ഭാവങ്ങള്‍ സിനിമയിലേക്ക് ആവാഹിച്ചായിരുന്നു കെ ജി ജോര്‍ജിന്റെ സംവിധാന ജീവിതം. സ്വപ്‌നാടനം, ഉള്‍ക്കടല്‍,മേള, കോലങ്ങള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ ഉള്‍പ്പെടെ കെ ജി ജോര്‍ജിന്റേതായി നാം കണ്ടിരിക്കേണ്ട ഒരു പിടി ചിത്രങ്ങളുണ്ട്.(Must watch movies of KG George)
സ്വപ്‌നാടനം(1975)
കേരളത്തിലെ ആദ്യസൈക്കോളജിസ്റ്റായ പ്രൊഫസര്‍ ഇളയിടത്ത് മുഹമ്മദിന്റെ മനഃശാസ്ത്രാധിഷ്ഠിതമായ കഥയ്ക്ക് കെ.ജി.ജോര്‍ജും പമ്മനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സ്വപ്‌നാടനം. സൈക്കോ ഡ്രാമയായ സ്വപ്‌നാടത്തില്‍, താന്‍ ആരെന്നറിയാതെ, മദ്രാസില്‍ വഴിതെറ്റി എത്തപ്പെട്ട ഒരു മനുഷ്യനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
ഉള്‍ക്കടല്‍(1979)
മലയാളത്തിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന വിശേഷിപ്പിക്കുന്ന ഉള്‍ക്കടല്‍ കെ ജി ജോര്‍ജിന്റേതായി തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നാണ്. ഉള്‍ക്കടലിനോട് വിദൂരസാമ്യം ചെലുത്തിയ ചിത്രമായി അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തെ നിരൂപണം ചെയ്തവരുണ്ട്. വേണു നാഗവള്ളിയും ശോഭയുമായിരുന്നു ഉള്‍ക്കടലിലെ നായികാനായകന്മാര്‍.
മേള (1980)
മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രമാണ് 1980ല്‍ പുറത്തിറങ്ങിയ മേള. മേള രഘു അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും ിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.
കോലങ്ങള്‍ (1981)
ദേശീയ പുരസ്‌കാര ജേതാവ് നടന്‍ പി ജെ ആന്റണിയുടെ കഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രമാണ് കെ ജി ജോര്‍ജിന്റെ കോലങ്ങള്‍. എന്നും നാം കണ്ടുമുട്ടുന്ന മനുഷ്യര്‍, എന്നാല്‍ സിനിമകളില്‍ പൊതുവെ കാണാത്ത മനുഷ്യരെ കുറിച്ച് കോലങ്ങള്‍ കഥ പറയുന്നു. മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
യവനിക (1982)
ഒരു നാടക ട്രൂപ്പിനുള്ളില്‍ നടക്കുന്ന കൊലപാതകത്തിന്റെ കഥ പറയുന്ന ചിത്രമാണ് യവനിക. കെ ജി ജോര്‍ജിന്റേതായി ക്ലാസിക് എന്ന് വിളിക്കപ്പെട്ട ആദ്യ ചിത്രം. ഒരേ സമയം സ്റ്റേജില്‍ നാടകമായും ക്യാമറയ്ക്ക് മുന്നില്‍ സിനിമയായും പിറവിയെടുത്ത ചിത്രമാണ് യവനിക.
ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്(1983)
ആത്മഹത്യ ചെയ്യുന്ന ചലച്ചിത്ര നടി ലേഖയുടെ ജീവിതത്തിലേക്കുള്ള ഫ്‌ളാഷ്ബാക്കാണ് ചിത്രമെന്ന് പറയപ്പെടുന്നു. പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നും വരുന്ന ശാന്തമ്മ ദേശീയ പുരസ്‌കാരം വരെ നേടിയ സിനിമാതാരം ലേഖയാവുന്നതും അവള്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും ചിത്രം അഭ്രപാളിയില്‍ അവതരിപ്പിക്കുന്നു.
ആദാമിന്റെ വാരിയെല്ല് (1983)
മൂന്ന് വ്യത്യസ്ത ക്ലാസുകളില്‍ നിന്നുള്ള മൂന്ന് സ്ത്രീകളുടെ ജീവിതത്തിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് ആദാമിന്റെ വാരിയെല്ല്. സമാനമായ സാഹചര്യങ്ങളില്‍ ആ മൂന്ന് സ്ത്രീകള്‍ കുടുങ്ങിപ്പോകുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ മലയാള സിനിമയുടെ അരങ്ങിലേക്ക് കൊണ്ടുവന്നു കെ ജി ജോര്‍ജ്.
Read Also: കെ ജി ജോര്‍ജ്; കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകന്‍
പഞ്ചവടിപ്പാലം (1984)
വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ പാലം അപകടത്തില്‍ എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള കെ ജി ജോര്‍ജ് ചിത്രമാണ് പഞ്ചവടിപ്പാലം. മലയാളത്തിലെ ആദ്യ ഹാസ്യചിത്രമെന്നി വിശേഷിപ്പിക്കുന്ന പഞ്ചവടിപ്പാലം മികച്ച അഭിനേതാക്കളെ കൊണ്ട് അതിസമ്പന്നമാണ്. ചിത്രം ഇന്നും കാലാതീതമായി സഞ്ചരിക്കുന്നു.
ഇരകള്‍ (1985), മറ്റൊരാള്‍(1988), യാത്രയുടെ അന്ത്യം(1990), ഇലവക്കോട് ദേശം(1996), കഥയ്ക്ക് പിന്നില്‍(1987), എന്നിവയും കെ ജി ജോര്‍ജെന്ന സംവിധായകനെ പഠിക്കാന്‍, അറിയാന്‍ സിനിമാപ്രേമികളെയും സിനിമാ വിദ്യാര്‍ത്ഥികളെയും പ്രാപ്തരാക്കുന്ന ചിത്രങ്ങളാണ്.
Story Highlights: Must watch movies of KG George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here