കെ ജി ജോര്‍ജ്; കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകന്‍

മലയാള സിനിമയിലെ കലാമൂല്യവും ജനപ്രീതിയും ഒരുമിച്ച് അരങ്ങുവാണിരുന്ന എഴുപത്-തൊണ്ണൂറുകളിലെ സംവിധാന പ്രതിഭയായിരുന്നു കെ ജി ജോര്‍ജ്. മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന വിശേഷിപ്പിക്കാവുന്ന ഉൾക്കടൽ, മലയാള സിനിമയിലെ ആദ്യ ഹാസ്യചിത്രമെന്ന വിശേഷിപ്പിക്കാവുന്ന, കാലത്തിന് മുന്‍പേ സഞ്ചരിച്ച ‘പഞ്ചവടിപ്പാലം’ തുടങ്ങിയവ സിനിമാ ചരിത്രത്തില്‍ എന്നെന്നേക്കുമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞ ജീവിതം… അതായിരുന്നു കെ ജി ജോര്‍ജ്. ഏത് കഥയിലും ഏത് കഥാപാത്രത്തിലും തന്റേതായ ശൈലിയും രീതിയും അഭ്രപാളികളില്‍ എത്തിച്ചായിരുന്നു കെ ജി ജോര്‍ജിന്റെ ഓരോ ചിത്രവും പിറന്നത്.(KG George life line through malayalam movie)
നവമലയാള സിനിമയുടെ പിതാവായി കാണുന്ന കെ ജി ജോര്‍ജ് എന്നും സിനിമാ വിദ്യാര്‍ത്ഥികള്‍ക്കൊരു മുതല്‍ക്കൂട്ടായിരുന്നു എന്നത് നിസംശയം പറയാം. പത്മരാജന്‍, ഭരതന്‍ ശ്രേണിയില്‍ മൂന്നാമത്തെ പേരായി എഴുതിച്ചേര്‍ത്ത കെ ജി ജോര്‍ജിനെ മലയാള സിനിമയുള്ളിടത്തോളം കാലം പ്രേക്ഷകര്‍ വിസ്മരിക്കില്ല.
1946 മേയ് 24ന് കെ.ജി സാമുവലിന്റേയും അന്നാമ്മയുടേയും മകനായി തിരുവല്ലയിലാണ് കെജി ജോര്‍ജ് ജനിച്ചത്. കുളക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1971ല്‍ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. 1972ല്‍ രാമു കാര്യാട്ടിന്റെ ‘മായ’ എന്നചിത്രത്തിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. രാമുകാര്യാട്ട് സംവിധാനം ചെയ്ത 1974ലെ ‘നെല്ലിന്റെ തിരക്കഥാകൃത്ത് എന്ന നിലയില്‍ ആസ്വാദകരുടേയും നിരൂപകരുടേയും ശ്രദ്ധനേടി കെ ജി ജോര്‍ജ്.
1975ല്‍ മുഹമ്മദ് ബാപ്പു നിര്‍മ്മിച്ച ‘സ്വപ്നാടനം’ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ടാണ് കെ ജി ജോര്‍ജ് മലയാള ചലച്ചിത്ര ലോകത്തേക്ക് പൂര്‍ണ സംവിധായകനായി എത്തുന്നത്. കേരളത്തിലെ ആദ്യസൈക്കോളജിസ്റ്റായ പ്രൊഫ.ഇളയിടത്ത് മുഹമ്മദിന്റെ കഥയ്ക്ക് കെ.ജി.ജോര്‍ജും പമ്മനും ചേര്‍ന്ന് തിരക്കഥയൊരുക്കി. ആ വര്‍ഷത്തെ ഏറ്റവും മികച്ച തിരക്കഥയ്ക്കും മികച്ച ചലച്ചിത്രത്തിനുമുള്ള കേരള സംസ്ഥാനസിനിമാ പുരസ്‌കാരവും ഏറ്റവും മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയഅവാര്‍ഡും ആ ചിത്രം നേടി. ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, കഥയ്ക്കുപിന്നില്‍തുടങ്ങിയവയാണ് പ്രധാന സിനിമകള്‍…
Story Highlights: KG George life line through malayalam movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here