Advertisement

കെ.ജി ജോർജിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ

September 24, 2023
Google News 2 minutes Read
Political leaders condole the death of KG George

സംവിധായകൻ കെ.ജി ജോർജിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ പ്രമുഖർ. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ.ജി ജോർജ് എന്ന് മുഖ്യമന്ത്രി. മലയാള സിനിമയിൽ നവതരംഗത്തിന് വഴിയൊരുക്കിയ സംവിധായകനായിരുന്നു അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവും അനുശോചിച്ചു.

‘സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെ.ജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി. ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം’-പിണറായി വിജയൻ പറഞ്ഞു.

സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സിൽ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകർ അധികം ഉണ്ടാവില്ല. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ.ജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലയാള സിനിമയിൽ നവതരംഗത്തിന് വഴിയൊരുക്കിയ സംവിധായകനാണ് കെ.ജി ജോർജ്ജ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രമേയത്തിലെ വ്യത്യസ്ത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകനാണ് അദ്ദേഹം. തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായനക്കായിരുന്നു കെ.ജി ജോർജ്ജ് എന്നും പ്രതിപക്ഷ നേതാവ് അനുശോചിച്ചു. നിയമസഭാ സ്പീക്കർ എ.എൻ ഷംസീറും അനുശോചനം രേഖപ്പെടുത്തി.

‘സ്വപ്നാടനം എന്ന ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടി, മലയാള സിനിമയിൽ തന്റെ ഇടമുറപ്പിച്ച സംവിധായകനാണ് കെ.ജി. ജോർജ്ജ്. യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം പതിറ്റാണ്ടുകൾക്ക് ശേഷവും മലയാളികൾ മനസ്സിൽ കൊണ്ടുനടക്കുന്നവയാണ്. മലയാളസിനിമയിൽ ചിരസ്മരണീയനായ ആ പ്രതിഭാധനന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’- സ്പീക്കർ പറഞ്ഞു.

Story Highlights: Political leaders condole the death of KG George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here