സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട്; രാവിലെ 11 മുതൽ 3 വരെ ടൗൺ ഹാളിൽ പൊതുദർശനം

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം കൊച്ചി രവിപുരത്തെ സ്മശാനത്തിൽ നടക്കും. കെ.ജി.ജോർജിൻറെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം. രാവിലെ 11 മണി മുതൽ 3 വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. ആറുമണിക്ക് വൈഎംസിഎ ഹാളിൽ അനുശോചന യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഗോവയിൽ ആയിരുന്ന കെ ജി ജോർജിന്റെ ഭാര്യയും മകനും ദോഹയിൽ നിന്ന് മകളും കഴിഞ്ഞദിവസം ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. (kg george funeral today)
ഈ മാസം 24ന് കാക്കനാട്ടുള്ള വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു കെ ജി ജോർജിന്റെ വിയോഗം. 77 വയസായിരുന്നു.
മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.
രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോർജ്. 1970കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്.
1975 ൽ സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് കെ.ജി ജോർജ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഇതുൾപ്പെടെ 9 സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കി. 2015 ൽ ജെ.സി ഡാനിയേൽ അവാർഡ് നൽകി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു.
Story Highlights: kg george funeral today kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here