തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടെത്തി സര്‍ക്കാര്‍. ബഡ്‌സ് ആക്ട് പ്രകാരം ജില്ലാ കളക്ടറാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. തിരുവനന്തപുരം ജില്ലയില്‍ 151 സ്വത്തുക്കളും എട്ട് വാഹനങ്ങളും കണ്ടുകെട്ടി. കൊല്ലം ജില്ലയില്‍ സ്വത്തു കണ്ടുകെട്ടി വൈകുന്നേരം വിവരം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
260 കോടിയുടെ ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പിലാണ് പ്രതികളുടേയും ബിനാമികളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി തുടങ്ങിയത്. സംഘത്തില്‍ നിന്ന് തട്ടിയെടുത്ത തുക ഉപയോഗിച്ച് പ്രതികള്‍ സ്വന്തം പേരിലും ബിനാമികളുടെ പേരിലും ഭൂമി വാങ്ങിക്കൂട്ടിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബഡ്‌സ് ആക്ട് കൂടി ചുമത്തിയതോടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ തീരുമാനിക്കുകയായിരുന്നു.
ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ 151 സ്വത്തുക്കള്‍ കണ്ടുകെട്ടി. പുറമെ ആഡംബര കാറുകള്‍ ഉള്‍പ്പെടെ എട്ട് വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്. സ്വത്തുക്കളുടെ പട്ടിക തയാറാക്കി ആഭ്യന്തര സെക്രട്ടറി കോടതിക്ക് കൈമാറും. ഇതിനായി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി 5നെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വന്‍തോതില്‍ ഭൂമി വാങ്ങിയതായി കണ്ടെത്തി. ഇതു കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയതായി കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചു. 95 സ്വത്തുക്കളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഇന്നു വൈകുന്നേരത്തിനകം കണ്ടുകെട്ടല്‍ വിവരം അറിയിക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ഇനി കണ്ടുകെട്ടാനുള്ളത് 650 ഓളം ആസ്തികളാണ്.
Story Highlights: bsnl co operative fraud properties seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here