സ്വർണം കിട്ടി, ഇനി ലക്ഷ്യം വീട്ടിലെ ഭക്ഷണം: ദീപിക പള്ളിക്കൽ

“എത്രയും വേഗം വീട്ടിൽ എത്തി നല്ല ഭക്ഷണം കഴിക്കണം. ഒരാഴ്ചയിലേറെയായി അത്ലറ്റിക്സ് വില്ലേജിലെ ഭക്ഷണം കഴിച്ചു മടുത്തു. നാളെത്തന്നെ മടങ്ങും “ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ മിക്സ്ഡ് ഡബിൾസിൽ ഹരീന്ദർപാൽ സിങ് സന്ദുവുമൊത്ത് സ്വർണം നേടിയ ശേഷം ദീപിക പള്ളിക്കൽ കാർത്തിക്കിൻ്റെ ആദ്യ പ്രതികരണം.
അവിശ്വസനീയ വിജയമെന്നു വിശേഷിപ്പിച്ച ദീപിക ജയിച്ച ഉടനെ അമ്മയെയാണ് വിളിച്ചത്.അമ്മ സൂസൻ ഇട്ടിച്ചെറിയ മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരമാണ്.വനിതകളുടെ ആദ്യ ലോക കപ്പിൽ ഇന്ത്യൻ നായികയായി തിരഞ്ഞെടുത്തത് സൂസനെ ആയിരുന്നു. വിമാനം വൈകിയതിനാൽ മത്സരം തുടങ്ങുംമുമ്പ് എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡയാനാ എഡുൾജിയെ നായികയാക്കി.
ദീപികയുടെ ഭർത്താവ് ടെസ്റ്റ് ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കാണ്. ഇരട്ടക്കുട്ടികളുടെ അമ്മയാണ് ദീപിക.കുട്ടികൾക്ക് അമ്മയുടെ സുവർണ നേട്ടം അറിയാനുള്ള പ്രായം ആയിട്ടില്ല. തിരുവല്ലയ്ക്കടുത്ത് നിരണം സ്വദേശിനിയാന്ന് സൂസൻ.സൂസൻ്റെ കാലത്ത് വനിതാ ക്രിക്കറ്റിന് ഇന്നത്തെ സ്വീകാര്യതയില്ലായിരുന്നു. മകൾ ദീപിക സ്ക്വാഷ് പരിശീലനം തുടങ്ങിയ കാലത്ത് സ്ക്വാഷ് അത്ര ശ്രദ്ധിക്കപ്പെട്ട ഗെയിമും അല്ലായിരുന്നു. ഇന്ന് സ്ക്വാഷിനു ലഭിക്കുന്ന പിന്തുണയ്ക്കു കാരണം സൗരവ് ഘോഷലും ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലുമൊക്കെ കൈവരിച്ച നേട്ടമാണ്.
ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ദീപികയ്ക്ക് മെഡൽ ഉണ്ടായിരുന്നു. ദീപികയുടെ കസിൻ, കൊച്ചിയിൽ നിന്നുള്ള സുനൈനയും ജക്കാർത്തിൽ ടീം ഇനത്തിൽ സ്വർണം നേടിയിരുന്നു. സുനൈന ഇത്തവണ ടീമിൽ ഇല്ല. ഇവിടെ നേരത്തെ വനിതകളുടെ ടീം വെങ്കലം നേടിയിരുന്നു. അങ്ങനെ ഹാങ് ചോവിൽ നിന്ന് ഒരു സ്വർണവും ഒരു വെങ്കലവുമായാണ് ദീപികയുടെ മടക്കം.
മിക്സ്ഡ് ഡബിൾസ് ഫൈനലിൽ മലേഷ്യയുടെ ബിന്ദി അസ്മാൻ വലതു കൈയും മുഹമ്മദ് കമൽ ഇടതു കൈയും ഉപയോഗിക്കുന്ന താരങ്ങളാണ്. ഇതവർക്ക് കോർട്ടിൽ കൂടുതൽ റീച്ച് നൽകും. പക്ഷേ, ഈ ആനുകൂല്യം മുതലാക്കാൻ അവരെ അനുവദിക്കാതെ ദീപികയും ഹരീന്ദറും കളിച്ചു. സ്ക്വാഷിൽ ഇന്ത്യക്ക് അഭിമാന നിമിഷം.
ദീപികയുടെ അനുജത്തി ദിയയുടെ ഭർത്താവാണ് സിംഗിൾസ് ഫൈനൽ കളിക്കുന്ന സൗരവ് ഘോഷൽ . കളി നടക്കുന്നു.
Story Highlights: Dipika Pallikal Wins Mixed Doubles Gold At Asian Games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here