Advertisement

‘തൊഴിലാളികളുടെ താത്പര്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടി’; ആനത്തലവട്ടത്തിന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമെന്ന് ഇ.പി ജയരാജൻ

October 5, 2023
2 minutes Read

മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുസ്മരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആനത്തലവട്ടം ആനന്ദന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരളത്തിലെ തൊഴിലാളി വർഗത്തിനും തീരാനഷ്ടമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം അദ്ദേഹത്തെ കണ്ടിരുന്നു, രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. 60 വർഷക്കാലം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച് പടി പടിയായി ഉയർന്നുവന്ന അദ്ദേഹം, തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി. തൊഴിലാളികളുടെ താത്പര്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചു, അദ്ദേഹത്തിന്റെ മുൻപിൽ എപ്പോഴും തൊഴിലാളി താത്പര്യങ്ങളാണ് ഉണ്ടായിരുന്നത്. ഏറ്റവും താഴേക്കിടയിലുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് ഉയർത്തികൊണ്ടുവരികയും അവരെ വർഗബോധമുള്ളവരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ഇ പി ജയരാജൻ ട്വന്റിഫോറിനോട് പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകുന്നേരത്തോടെയാണ് വിടവാങ്ങിയത്. സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു ആനത്തലവട്ടം ആനന്ദൻ.

1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു.

1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ലും കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.

Read Also: മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്കോർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെൻറർ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ.

Story Highlights: E P Jayarajan condoles demise of Anathalavattom Anandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top