‘ഈ സർക്കാരിന് നിങ്ങളോട് ഇതൊക്കെ ചെയ്യാം, അതുകൊണ്ട് കരുതിയിരിക്കുക എന്ന സന്ദേശമാണ് അവർ റെയ്ഡിലൂടെ മുന്നോട്ട് വയ്ക്കുന്നത്’ : പരഞ്ചോയ് ഗുഹ തകുർത്ത ട്വന്റിഫോറിനോട്

മാധ്യമ പ്രവർത്തനം ഇക്കാലത്ത് വെല്ലുവിളി നേരിടുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ചോയ് ഗുഹ തകുർത്ത ട്വന്റിഫോറിനോട്. തന്നെ ഡൽഹി പൊലീസ് ചോദ്യം ചെയ്യുന്നത് ഭയെപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും അദാനിക്കെതിരായി വാർത്തകൾ നൽകിയതാണോ നടപടിക്ക് പിന്നിലെന്ന് അറിയില്ലെന്നും പരഞ്ചോയ് ഗുഹ തകുർത്ത ട്വന്റിഫോറിനോട് പറഞ്ഞു. ( Paranjoy Guha Thakurta on news click raid )
‘ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട നാൽപ്പതിലേറെ മാധ്യമപ്രവർത്തകരുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തി. ഞാൻ ന്യൂസ് ക്ലിക്കിന്റെ കൺസൾട്ടന്റ് മാത്രമാണ്. രണ്ടോ മൂന്നോ ആർട്ടിക്കിൾ മാത്രം ന്യൂസ് ക്ലിക്കിന് നൽകിയവരുടെ വീട്ടിലും റെയ്ഡ് നടന്നു. രാവിലെ 6.30ന് ഒൻപത് പൊലീസുകാരാണ് എന്റെ വീട്ടിൽ വന്നത്. എന്റെ വീട്ടിലെത്തിയ അവർക്ക് എന്റെ മൊബൈലും ലാപ്ടോപ്പും വേണമായിരുന്നു. ഞാൻ പറഞ്ഞു ആവശ്യം എഴുതി നൽകാൻ. ഞാൻ അവരുടെ ഓഫിസിലെത്തി ചോദ്യം ചെയ്യലുമായി സഹകരിച്ചു’- പരഞ്ചോയ് ഗുഹ തകുർത്ത പറഞ്ഞു.
12 മണിക്കൂർ നീണ്ട ഡൽഹി പൊലീസിൻറെ നടപടിക്കാണ് വിധേയനായതെന്നും ഡൽഹി കലാപം,കർഷക സമരം എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പിൽ നിന്ന് ആറു മാനനഷ്ട കേസുകൾ നേരിടുന്ന ഏക മാധ്യമ പ്രവർത്തകനാകും താനെന്നും പരഞ്ചോയ് ഗുഹ തകുർത്ത ചൂണ്ടിക്കാട്ടി.
ഈ സർക്കാരിന് നിങ്ങളോട് ഇതൊക്കെ ചെയ്യാം, അതുകൊണ്ട് കരുതിയിരിക്കുക എന്ന സന്ദേശമാണ് അവർ റെയ്ഡിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്നും പരഞ്ചോയ് ഗുഹ തകുർത്ത ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെ മീഡിയെ ഭരണപക്ഷത്തിനെ ചോദ്യം ചെയ്യേണ്ടതിന് പകരം നിലവിൽ പ്രതിപക്ഷമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും പരഞ്ചോയ് ഗുഹ തകുർത്ത കൂട്ടിച്ചേർത്തു.
Story Highlights: Paranjoy Guha Thakurta on news click raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here