‘ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നതുപോലെ ഞങ്ങൾ കളിക്കും’; ലോകകപ്പ് പ്ലാൻ വെളിപ്പെടുത്തി പാകിസ്താൻ ഡയറക്ടർ ഓഫ് ക്രിക്കറ്റ്

ലോകകപ്പിൽ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കുമെന്ന് പാകിസ്താൻ ഡയറക്ടർ ഓഫ് ക്രിക്കറ്റ് മിക്കി ആർതർ. ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നതുപോലെ പാകിസ്താൻ കളിക്കും. കുറച്ച് സമയമെടുക്കുമെങ്കിലും അതാണ് പാകിസ്താൻ ക്രിക്കറ്റിനു പറ്റിയ രീതി. ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നത് തങ്ങൾ പിന്തുടരുമെന്നും മിക്കി ആർതർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ആദ്യ മത്സരത്തിനിറങ്ങുകയാണ്. നെതർലൻഡ്സ് ആണ് എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. താരതമ്യേന ദുർബലരായ നെതർലൻഡ്സിനെ പാകിസ്താൻ അനായാസം കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്.
ഏഷ്യാ കപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം സന്നാഹമത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താനു തലവേദനയാണ്. തോൽവി മാത്രമല്ല, ഈ രണ്ട് കളിയിലും ടീമിലെ പ്രധാന പേസർ ഷഹീൻ അഫ്രീദിയടക്കം തല്ലുവാങ്ങിയതും പാകിസ്താൻ്റെ ആശങ്ക വർധിപ്പിക്കുന്നു. നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖർ സമാന് ഫോം കണ്ടെത്താനുള്ള അവസാന അവസരമാവും ഈ കളി.
നെതർലൻഡ്സ് ലോകകപ്പ് ഒരുക്കങ്ങൾ നടത്തിയത് കർണാടക ടീമുമായി കളിച്ചായിരുന്നു. അതിൽ മോശം പ്രകടനമാണ് അവർ കാഴ്ചവച്ചതും. 12 വർഷത്തിനു ശേഷം ലോകകപ്പിലേക്ക് അവസരം ലഭിച്ച നെതർലൻഡ്സ് അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 4 മാസങ്ങൾക്കു മുൻപാണ്. അതുകൊണ്ട് തന്നെ ഈ ലോകകപ്പിൽ നെതർലൻഡ്സിൻ്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം. ബാസ് ഡെ ലീഡിൻ്റെ പ്രകടനങ്ങളാവും ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുക.
Story Highlights: England Australia cricket Mickey Arthur Pakistan World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here