ലോകകപ്പ്: തീപ്പൊരി ബൗളിംഗുമായി ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ വിജയലക്ഷ്യം 200 റൺസ്

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 200 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ49.3 ഓവറിൽ വിക്കറ്റ് 199 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. ഇന്ത്യക്കായി ബൗളർമാരെല്ലാം തിളങ്ങി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയും കുൽദീപും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്ത്യയ്ക്കായി ബൗളിംഗ് ഓപ്പൺ ചെയ്ത ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഓസ്ട്രേലിയ വിയർത്തു. മൂന്നാം ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കാത്ത മിച്ചൽ മാർഷ് ബുംറയുടെ പന്തിൽ കോലിയ്ക്ക് പിടികൊടുത്ത് മടങ്ങുകയും ചെയ്തു. മൂന്നാം നമ്പറിൽ സ്റ്റീവ് സ്മിത്ത് എത്തി. പിച്ച് അത്ര എളുപ്പമുള്ളതല്ലെന്ന് മനസിലാക്കിയ ഓസ്ട്രേലിയ ഇന്ത്യൻ ബൗളിംഗിനെ ബഹുമാനിക്കാൻ തുടങ്ങി. ചില ക്ലോസ് ഷേവുകൾ അതിജീവിച്ച സഖ്യം രണ്ടാം വിക്കറ്റിൽ 69 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 41 റൺസ് നേടിയ വാർണറിനെ സ്വന്തം ബൗളിംഗിൽ പിടികൂടിയ കുൽദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഏറെ വൈകാതെ സ്റ്റീവ് സ്മിത്ത് (46) രവീന്ദ്ര ജഡേജയുടെ പന്തിൽ ക്ലീൻ ബൗൾഡായി. തുടർന്ന് മാർനസ് ലബുഷെയ്ൻ (27), അലക്സ് കാരി (0) എന്നിവരെക്കൂടി ജഡേജ മടക്കി അയച്ചു. ഗ്ലെൻ മാക്സ്‌വലിനെ (15) കുൽദീപും കാമറൂൺ ഗ്രീനിനെ (8) അശ്വിനും പാറ്റ് കമ്മിൻസിനെ (15) ബുംറയും വീഴ്ത്തി.
എട്ടാം വിക്കറ്റിൽ പിടിച്ചുനിന്ന മിച്ചൽ സ്റ്റാർക്കും ആദം സാമ്പയും ചേർന്നാണ് ഓസ്ട്രേലിയയെ മാന്യമായ സ്കോറിലെത്തിച്ചത്. 8ആം വിക്കറ്റിൽ ഇരുവരും ചേർന്ന് 24 റൺസ് കൂട്ടിച്ചേർത്തു. 48ആം ഓവറിൽ ആദം സാമ്പയെ (6) കോലിയുടെ കൈകളിലെത്തിച്ച ഹാർദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. കൂട്ടാളി മടങ്ങിയെങ്കിലും 35 പന്തുകളിൽ വിലപ്പെട്ട 28 റൺസ് നേടിയ സ്റ്റാർക്ക് ഓസ്ട്രേലിയൻ സ്കോർ 200നരികെ എത്തിക്കുകയായിരുന്നു.
Story Highlights: australia innings india world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here