മൂന്നാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളി മുംബൈ സിറ്റി എഫ്‌സിയാണ്

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. മുൻ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളി. രാത്രി 8ന് മുംബൈയുടെ തട്ടകത്തിലാണ് മത്സരം. മഞ്ഞപ്പടയുടെ കൈയ്യടിയുടെ കരുത്തിനൊപ്പം ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയ്ക്ക് വണ്ടി കയറിയത്. ഒരു ജയവും ഒരു സമനിലയുമാണ് മുംബൈയുടെ പോയിന്റ് ടേബിളിലുള്ളത്.
എല്ലാ ടീമും രണ്ട് കളികൾ പൂർത്തിയാക്കിയപ്പോൾ ആറ് പോയിന്റുമായി ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മുംബൈ ആറാമതും. പക്ഷേ നേരിട്ടുള്ള അംഗങ്ങളിൽ മുംബൈയാണ് കൂടുതൽ തവണയും കരുത്ത് കാട്ടിയിട്ടുള്ളത്. ജോർജ് പെരെയ്ര ഡയസ്, ഗ്രെഗ് സ്റ്റുവാർട്ട്, ലാലിൻസുവാല ചാങ്‌തെ, രാഹുൽ ഭേകെ എന്നിവർ അണിനിരക്കുന്ന മുംബൈയ്‌ക്കെതിരെ ബ്ലൈസ്‌റ്റേഴ്‌സിന് കാര്യങ്ങൾ എളുപ്പമാകില്ല.
സീസണിലെ ആദ്യ എവേ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ആർത്തലയ്ക്കുന്ന കാണികളുടെ അകമ്പടി ഇല്ല എന്നതും, എവേ മാച്ചുകളുടെ കണക്കിൽ റെക്കോഡ് അത്ര മികച്ചതല്ലെന്നതും ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഘടകങ്ങളാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ് കരുത്ത്. മുംബൈയുടെ മണ്ണിലും ലൂണയുടെ ജാലവിദ്യ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Story Highlights: Kerala blasters will face Mumbai in ISL today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here