മരണ വീടുകളിൽ കണ്ണുകൾ തേടി ബെന്നിയെത്തും, അപരന് വെളിച്ചമേകാൻ; ബെന്നിയുടെ നന്മയിൽ 110 ജോടി കണ്ണുകളാണ് വീണ്ടും ഭൂമിയിൽ വെളിച്ചം വീശുന്നത്

ഇന്ന് ലോക കാഴ്ച ദിനം. കാഴ്ച ശക്തിയില്ലാത്ത അപരന് വെളിച്ചം തേടിയുള്ള യാത്രയിലാണ് തൃശൂർ കണ്ടശാംകടവ് സ്വദേശിയായ തയ്യൽക്കാരൻ ബെന്നി. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളമായി ആയിരത്തിലധികം മരണ വീടുകളിൽ കണ്ണുകൾ തേടി ബെന്നിയെത്തി. ബെന്നിയുടെ നന്മയിൽ ഇതുവരെ നൂറ്റിപത്തു ജോടി കണ്ണുകളാണ് വീണ്ടും ഭൂമിയിൽ വെളിച്ചം വീശുന്നത്.
നേത്രദാനം പ്രോത്സാഹിപ്പിക്കാനായി വേറിട്ട പാതയിലൂടെയാണ് ബെന്നി എന്ന 56 കാരന്റെ സഞ്ചാരം. നാട്ടിൽ എവിടെയെങ്കിലും മരണം നടന്നാൽ ബെന്നിക്ക് ഇരിക്കപ്പൊറുതിയില്ല. ഉടൻ അവിടെയെത്തി മരിച്ചയാളുടെ കണ്ണുകൾ ദാനം ചെയ്യുമോ എന്ന് ബന്ധുക്കളോട് അന്വേഷിക്കും. 25 വർഷത്തിനിടെ ജാതിമത ഭേദമന്യേ ആയിരത്തിലധികം ലധികം മരണ വീടുകളിൽ ബെന്നി കയറിയിറങ്ങി. കണ്ണുകൾ ദാനം ചെയ്യാൻ മിക്ക കുടുംബങ്ങളിലും മരണപെട്ടയാളുടെ ബന്ധുക്കൾ തയ്യാറായില്ല. ഇതൊന്നും ബെന്നിയുടെ മനസിനെ തളർത്തിയില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞും ബെന്നി ശ്രമങ്ങൾ തുടരുകയാണ്.
ബെന്നിയുടെ നന്മയിൽ ഇതുവരെ നൂറ്റി പത്തു ജോടി കണ്ണുകൾ ഇപ്രകാരം ദാനമായി കിട്ടി. കണ്ടശ്ശാംകടവ് വടക്കേ കാരമുക്ക് പള്ളിക്ക് സമീപം ടൈലറിംഗ് കട നടത്തുന്നയാളാണ് പൊറത്തൂര് കിട്ടൻ വീട്ടിൽ ബെന്നി. കാൽ നൂറ്റാണ്ട് മുമ്പ് ജെക്കോബി എഴുതിയ മദർ തെരേസ എന്ന പുസ്തകം വായിച്ചതോടെയാണ് ബെന്നിക്ക് സമൂഹ നന്മക്കായി ഇറങ്ങി തിരിക്കാൻ തോന്നിക്കുന്നത്.
25 വര്ഷം മുൻപ് ആദ്യമായി കാരമുക്ക് സ്വദേശിയുടെ ഒരു ജോടി കണ്ണുകൾ നേത്രബാങ്കിലേക്ക് വാങ്ങി നൽകിയാണ് തുടക്കം. 2009 ലും 17 ലുമായി ബെന്നി തന്റെ മാതാപിതാക്കളുടെ കണ്ണും ദാനം ചെയ്തു. നേത്രദാനം സംഘടിപ്പിക്കുന്നതിന് 35 അവാർഡുകൾ ബെന്നിക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. ആറായിരത്തിലധികം പേരുടെ കയ്യിൽ നിന്നും നേത്രദാന, അവയവ ദാന സമ്മത പത്രവും ഒപ്പിട്ടു വാങ്ങി സൂക്ഷിച്ചിട്ടുണ്ട് ബെന്നി.
Story Highlights: Benny is taking a different route to promote eye donation on World Sight Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here