‘ഓപ്പറേഷൻ അജയ്’; എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കും, ആദ്യസംഘം നാളെ എത്തും

ഇസ്രയേൽ ഒഴിപ്പിക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദേശകാര്യവക്താവ് അരിന്ദംബാഗ്ചി. നാളെ രാവിലെ ആദ്യസംഘം ഇന്ത്യയിൽ എത്തും. 250 ഓളം പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇസ്രയേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും രാജ്യത്തെത്തിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇസ്രയേലിൽ സംഭവിച്ചത് ഭീകരവാദ ആക്രമണം ആണെന്നതിൽ ഇന്ത്യയ്ക്ക് സംശയമില്ല. പാലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്. പാലസ്തീൻ എന്ന രാജ്യത്തിന്റെ സ്വയം ഭരണത്തെ അംഗീകരിക്കുന്നു. എന്നാൽ ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഓപ്പറേഷൻ ദേവി ശക്തി, യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗ. ഈ രണ്ട് ദൗത്യങ്ങൾക്കു ശേഷം ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ അജയിന് ഇന്ന് തുടക്കമാകുകയാണ്. ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് രാത്രി ടെൽ അവീവിലെ ബെൻഗുറിയോൺ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക. ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രയേലില്‍ നിന്ന് മടങ്ങാൻ താൽപര്യമറിയിച്ചെന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രായേലിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്. ആദ്യ ബാച്ചാകും ഇന്ന് പുറപ്പെടുകയെന്നും കൂടുതൽ വിമാനങ്ങൾ ദൗത്യത്തിൻ്റെ ഭാഗമാകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Story Highlights: Operation Ajay, First Chartered Plane to Reach Tel Aviv Tonight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here