ചെന്നൈയിൽ പൊലീസ് ഏറ്റുമുട്ടൽ: രണ്ട് ഗുണ്ടകൾ വെടിയേറ്റ് മരിച്ചു

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടൽ. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേർ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
മുത്തു ശരവണനും സതീഷും കൊലപാതകം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. പടിയനല്ലൂർ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡന്റിന്റെ കൊലപാതകം, നെല്ലൂരിലെ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡന്റിന്റെ കൊലപാതകം എന്നിവയുൾപ്പെടെ 7 കൊലപാതക കേസുകളിൽ മുത്തു ശരവണനെ പൊലീസ് തിരയുകയായിരുന്നു.
പരിയനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേർ അറസ്റ്റിലായെങ്കിലും മുഖ്യപ്രതി മുത്തു ശരവണൻ ഒളിവിലായിരുന്നു. ഇയാൾ എവിടെയാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇന്ന് രാവിലെ ആവഡി പൊലീസ് സ്ഥലത്തെത്തി. ചോളവാരം വണ്ടല്ലൂർ പാർക്കിന് സമീപം പുത്തൂരിലും മാറമ്പുടിയിലും റൗഡികൾ പതിയിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇവരെ വളഞ്ഞത്.
പൊലീസ് വളഞ്ഞതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ മുത്തു ശരവണൻ മാരകായുധങ്ങളുമായി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന. സ്വയരക്ഷയ്ക്കായാണ് വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കൂട്ടാളി സതീഷിനു നേരെയും പൊലീസ് വെടിയുതിർത്തു. ശരവണൻ സംഭവസ്ഥലത്തുവെച്ചും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സതീഷ് ആശുപത്രിയിലും മരിച്ചു.
മുത്തു ശരവണന്റെയും സതീഷിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. അതേസമയം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ആക്രമണത്തിനിരയായ പൊലീസുകാർ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: Police encounter in Chennai: Two dreaded history sheeters shot dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here