ലോകകപ്പിൽ ന്യൂസീലൻഡിന് ഇന്ന് നാലാമങ്കം; എതിരാളികൾ അഫ്ഗാനിസ്താൻ

ലോകകപ്പിൽ ന്യൂസീലൻഡിന് ഇന്ന് നാലാമങ്കം. അഫ്ഗാനിസ്താനാണ് എതിരാളികൾ. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മത്സരം ആരംഭിക്കും. മൂന്ന് കളിയും മൂന്നും വിജയിച്ച് ഇന്ത്യക്ക് പിന്നിൽ രണ്ടാമതുള്ള കിവീസ് ഈ കളി ജയിച്ചാൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തും. എന്നാൽ, ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയെത്തുന്ന അഫ്ഗാനിസ്താനെതിരെ കിവീസിന് ജയം എളുപ്പമാവില്ല. (newzealand afghanistan world cup)
കെയിൻ വില്ല്യംസൺ വീണ്ടും പരുക്കേറ്റ് പുറത്തായതിൻ്റെ തിരിച്ചടിയിലാണ് ന്യൂസീലൻഡ് ഇറങ്ങുക. ടോപ്പ് ഓർഡറിൽ രചിൻ രവീന്ദ്രയുടെ തകർപ്പൻ പ്രകടനങ്ങൾ ന്യൂസീലൻഡിനു ബോണസാണ്. ഡാരിൽ മിച്ചൽ, ടോം ലാതം, ഡെവോൺ കോൺവേ തുടങ്ങിയവരും ഫോമിലാണ്. മധ്യനിരയ്ക്കും വാലറ്റത്തിനും ഇതുവരെ കാര്യമായ പരീക്ഷണം നേരിടേണ്ടിവന്നിട്ടില്ല. ട്രെൻ്റ് ബോൾട്ടിൻ്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയിൽ മാറ്റ് ഹെൻറി, മിച്ചൽ സാൻ്റ്നർ എന്നിവരും ഫോമിലാണ്.
Read Also: അട്ടിമറികൾ തുടരുന്നു; ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലൻഡ്‌സ്
റഹ്മാനുള്ള ഗുർബാസിലാണ് അഫ്ഗാൻ്റെ ബാറ്റിംഗ് പ്രതീക്ഷകൾ. ഇന്ത്യൻ പിച്ചുകളിൽ കളിച്ച് പരിചയമുള്ള ഗുർബാസ് അത് ലോകകപ്പിൽ മുതലെടുക്കുകയാണ്. ലോകകപ്പിൽ അഫ്ഗാൻ്റെ ഏറ്റവും മികച്ച ബാറ്ററാണ് ഗുർബാസ്. ഗുർബാസിനൊപ്പം റഹ്മത് ഷാ, ഹഷ്മതുള്ള ഷാഹിദി, അസ്മതുള്ള ഒമർസായ് എന്നിവർക്കൊപ്പം കഴിഞ്ഞ കളി തിളങ്ങിയ ഇക്രം അലിഖിലും അഫ്ഗാനു പ്രതീക്ഷയാണ്. വാലറ്റത് നിർണായക സംഭാവനകൾ നൽകുന്ന റാഷിദ് ഖാനും മുജീബ് റഹ്മാനും വരെ അഫ്ഗാൻ ബാറ്റിംഗ് നീളും. അഫ്ഗാൻ്റെ ബൗളിംഗ് നിരയും ശക്തമാണ്. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, മുഹമ്മദ് നബി, ഫസലുൽ ഹഖ് ഫറൂഖി തുടങ്ങിയ താരങ്ങൾ അഫ്ഗാൻ ബൗളിംഗിൽ നിർണായകമാണ്.
സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചായതിനാൽ മൂന്ന് ലോകോത്തര സ്പിന്നർമാർ അഫ്ഗാനു മുൻഗണന നൽകും. സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡുള്ള കെയിൻ വില്ല്യംസൺ കളിക്കാത്തതും കിവീസിനു തിരിച്ചടിയാണ്. എന്നാൽ, സാൻ്റ്നർ, രചിൻ എന്നിവർക്കൊപ്പം ഗ്ലെൻ ഫിലിപ്സിലുള്ള സ്പിൻ ഓപ്ഷൻ കിവീസിനു പ്രതീക്ഷ നൽകുന്നുണ്ട്.
Story Highlights: newzealand afghanistan world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here